”വോട്ടിന് ബോട്ടിൽ”, ഒളിക്യാമറയിൽ വെട്ടിലായി ചവറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി; സ്ഥാനാർത്ഥിയുടെ ബാറിൽ സൗജന്യ ടോക്കൺ നൽകി മദ്യം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

single-img
4 April 2021

ചവറ: ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വക വോട്ടർമാർക്ക് ഫുൾബോട്ടിൽ. വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി ഫ്രീയായി മദ്യം വാങ്ങാനുള്ള കൂപ്പൺ പ്രവർത്തകർ വിതരണം ചെയ്യുന്നതും പുറത്തു നിന്നും കൊണ്ടുവരുന്ന കുപ്പികളിൽ മദ്യം ഒഴിച്ചു കൊടുക്കുന്നതും ബാറിനുള്ളിൽ നിന്നുള്ള മൊബൈൽ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

ഇടതുസ്ഥാനാർത്ഥി സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നത്. നിയന്ത്രണങ്ങളില്ലാതെ ടോക്കണുകൾ നൽകിയതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ് എൽഡിഎഫ് നേതൃത്വം. അതിനിടെ ടോക്കൺ വാങ്ങി മദ്യം നൽകുന്ന സ്ഥാനാർത്ഥിയുടെ ഉടമസ്ഥതയിലുളള ബാറിനകത്തെ ദൃശ്യങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത് വിട്ടത് സ്ഥാനാർത്ഥിയെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സൗജന്യമായി ടോക്കൺ വിതരണം ചെയ്യുന്നതും, ആ ടോക്കൺ കൊടുത്ത് മദ്യം വാങ്ങുന്നതും, അബ്കാരി നിയമങ്ങൾ ലംഘിച്ചു കൊണ്ട് മദ്യം ആവശ്യക്കാർക്ക് സീല് പൊട്ടിച്ച കുപ്പികളിൽ ഒഴിച്ചു കൊടുത്തു വിടുന്നതും, ബാറിന് പുറത്ത് വെച്ച് മദ്യം നൾകുന്നതും ദൃശ്യങ്ങളിൽ കാണാം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രഹസ്യസ്വഭാവത്തിൽ ചെയ്യേണ്ട തന്ത്രങ്ങൾ പുറം ലോകത്തെത്തിയതിന്റെ പിന്നിൽ പാർട്ടിക്കകത്തെ വിമതരാണെന്നാണ് സൂചന മണ്ഡലത്തിലെ യുഡി എഫ് പ്രവർത്തകർ നടത്തിയ ബൈക്ക് റാലിയും മറ്റും അലങ്കോലപ്പെടുത്താൻ ശ്രമിച്ചതും നാട്ടുകാരെയും പ്രവർത്തകരെയും അക്രമിക്കാൻ ശ്രമിച്ചതും ഇത്തരത്തിൽ മദ്യം കഴിച്ചവരാണെന്നും നേരത്തേ മുതൽ ആരോപണം ഉയർന്നിരുന്നു.ബാറിലെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇക്കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

വീഡിയോ ▶️

സുജിത് വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൽഡിഎഫിനുള്ളിൽ തുടക്കം മുതൽ എതിർപ്പുകൾ ഉണ്ടായിരുന്നു. എന്തായാലും ടോക്കൺ വിവാദം എൽഡി എഫിനെ തിരഞ്ഞെടുപ്പിൽ സാരമായി ബാധിക്കുമെന്നുറപ്പാണ്. മദ്യം നൽകി വോട്ടർമാരെ ചതിച്ച് വീഴ്ത്തുന്ന പ്രവണത ജനങ്ങളോടുളള വഞ്ചനയാണെന്ന് യൂഡിഎഫ് വ്യക്തമാക്കി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ്.