ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പ്; ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ല: രാഹുല്‍ഗാന്ധി

single-img
2 April 2021

ഇടതുപക്ഷത്തോട് ആശയപരമായ വിയോജിപ്പുണ്ടെങ്കിലും ഇടതുസഹോദരങ്ങളെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മാനന്തവാടിയിലെ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിപാര്‍ക്കിലെ വേദിയില്‍ ഡി.വൈ.എഫ്.ഐ.യുടെ പരിപാടി നടക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയുടെ പ്രസംഗം. അവരുമായി ചര്‍ച്ച, വിയോജിപ്പ്, വാദപ്രതിവാദം എല്ലാം നടത്തും. പക്ഷേ, ഒരിക്കലും വെറുക്കാന്‍ കഴിയില്ല. നാമെല്ലാം സഹോദരങ്ങളാണ്. ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കരുത്. അവര്‍ക്ക് അവരുടെ കാര്യങ്ങളും നമുക്ക് നമ്മുടെ കാര്യങ്ങളും പറയാനുള്ള സാഹചര്യമുണ്ടാവണം. ഏതാശയം സ്വീകരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ -അദ്ദേഹം പറഞ്ഞു.

സ്വന്തം ലോക്സഭാ മണ്ഡലമായ വയനാടിന്റെ ഭാഗമായുള്ള അഞ്ചു നിയമസഭാമണ്ഡലങ്ങളില്‍ വ്യാഴാഴ്ച രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തി. വയനാട്ടില്‍ മാനന്തവാടിക്കുപുറമേ, സുല്‍ത്താന്‍ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടി. കോഴിക്കോട് തിരുവന്പാടി മണ്ഡലത്തിലെ കൂടരഞ്ഞിയിലും മലപ്പുറത്ത് അരീക്കോട്ടും തിരഞ്ഞെടുപ്പുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.