ഡാറ്റ ചോര്‍ത്തിയിട്ടില്ല; പുറത്തുവിട്ടത് ആര്‍ക്കും പ്രാപ്യമായ വിവരങ്ങള്‍: രമേശ്‌ ചെന്നിത്തല

single-img
1 April 2021

സംസ്ഥാനത്ത് വിവാദമായ വ്യാജ വോട്ട്​ സംഭവത്തില്‍ ഡാറ്റ ചോര്‍ത്തിയെന്ന സിപിഎം ഉയര്‍ത്തിയ ആരോപണത്തിന്​ മറുപടിയുമായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. താന്‍ പുറത്തുവിട്ട വിവരങ്ങള്‍ തിരഞ്ഞെടുപ്പ്​ കമ്മിഷന്റെ വെബ്‌സൈറ്റിൽ ആർക്കും ആര്‍ക്കും പ്രാപ്യമായ വിവരങ്ങളാണ്. ഈ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്രോഡീകരിക്കുക മാത്രമാണ് ഓപ്പറേഷന്‍ ട്വിന്‍സില്‍ നടത്തിയിട്ടുള്ളതെന്ന്​ അദ്ദേഹം പറഞ്ഞു.

അതേസമയം തന്നെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഡാറ്റ ചോർച്ച എന്ന ഗൗരവമേറിയ വിഷയം വീണ്ടും ചർച്ചയ്ക്ക് കൊണ്ടുവന്നതിന് സി പി എമ്മിനെ തന്റെ നന്ദി അറിയിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.ഏതൊക്കെയാണ് സെൻസിറ്റിവ് സ്വകാര്യ ഡേറ്റ, ഏതെല്ലാമാണ് അല്ലാത്തത് എന്നതിനെക്കുറിച്ച് സി പി എമ്മിന്റെ പ്രഖ്യാപിത ബുദ്ധിജീവികൾക്കു പോലും അറിയാത്തത് കഷ്ടമാണെന്നും ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച , ഇന്റർ നെറ്റിൽ ആര്‍ക്കും ലഭ്യമായ , ലോകത്തിന്റെ എവിടെ നിന്നും ആർക്കും പ്രാപ്യമായ വിവരങ്ങൾ എടുത്ത് ഡേറ്റ അനലിറ്റിക്സ് നടത്തുക മാത്രമാണ് യുഡിഎഫ് പ്രവർത്തകർ ചെയ്തത്.ഇതിനെ ഡേറ്റാ പ്രൈവസിയിലുള്ള കടന്നുകയറ്റമാണ് എന്നെല്ലാം പറഞ്ഞു കേൾക്കുന്നത് കൗതുകകരമാണ്.’ ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.