യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകള്‍: പ്രിയങ്കാ ഗാന്ധി

single-img
31 March 2021

യുപിയിൽ കന്യാസ്ത്രീകളെ ആക്രമിച്ചത് ബിജെപിയിലെ യുവ ഗുണ്ടകളെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബൈബിള്‍ ഉദ്ധരിക്കുന്ന പ്രധാനമന്ത്രി കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് മൗനം പാലിക്കുന്നതെന്തെന്നും പ്രിയങ്ക തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ പൊതുപരിപാടിയില്‍ ചോദ്യം ഉയർത്തി.

ഇതിനോടൊപ്പം തന്നെ രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്സ് ജോർജിന്റെ പരാമർശത്തിലും പ്രിയങ്ക ഗാന്ധി വിമർശനം ഉയർത്തി. ജോയ്സ് ജോർജ് കേരളത്തിലെ പെണ്‍കുട്ടികളെയും സ്‌ത്രീകളെയും അപമാനിച്ചതായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിയിൽ നിന്നാണോ സിപിഎം പ്രചാരണം പഠിച്ചതെന്നും പ്രിയങ്ക ചോദിച്ചു.

ജോയ്സ് ജോർജിന്റെ വിവാദ പരാമർശംഉണ്ടായ പിന്നാലെ കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങൾ തന്നെ സന്തോഷിപ്പിച്ചതായും പ്രിയങ്ക പറഞ്ഞു. യുപിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി മിണ്ടിയില്ല. രാജ്യമാകെ വിഭജനത്തിന്റെ വിത്ത് പാകിയിട്ട് ബൈബിൾ ഉദ്ധരിക്കുന്നത് പൊള്ളയാണ്. കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ സ്വന്തം പാർട്ടിയിലെ യുവ ഗുണ്ടകളാണ്. വെറുംപൊള്ളയായ പ്രസംഗങ്ങളിൽ മോദി ബൈബിൾ ഉദ്ധരിച്ചത് കൊണ്ട് കാര്യമില്ലെന്നും പ്രിയങ്ക പറഞ്ഞു.