സ്ത്രീകളെ കുത്തിനോവിക്കുന്ന മുല്ലപ്പള്ളിയില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; പുറത്താക്കലില്‍ പ്രതികരണവുമായി ലതിക സുഭാഷ്

single-img
30 March 2021

കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ് രംഗത്ത്. കോണ്‍ഗ്രസിന്റെ ഈ നടപടിക്ക് ബാലറ്റിലൂടെ കേരളത്തിലെ സ്ത്രീ സമൂഹം മറുപടി പറയുമെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പള്ളിക്ക് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്താനും മടിയില്ലെന്നും അദ്ദേഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ലെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.

‘ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ കുത്തിനോവിക്കാനും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്താനും മടിയില്ലാത്ത കെ പി സി സി അധ്യക്ഷനില്‍ നിന്നും ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒരു വനിത ഇത്തരത്തില്‍ പ്രതികരിച്ചതിന് എന്നോട് കാണിച്ച ഈ നടപടിക്കെതിരെ കേരളത്തിലെ സ്ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും. മറ്റൊന്നും ഇതില്‍ പറയാനില്ല.’, ലതിക പ്രതികരിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തായിരുന്നു ലതിക സുഭാഷ് നേരത്തെ പ്രതിഷേധിച്ചത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവെക്കുകയും ചെയ്തിരുന്നു. നിലവില്‍ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് ലതികാ സുഭാഷ്.ഇന്നായിരുന്നു ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചത്.