വീട്ടിലേക്ക് വിളിച്ച് കാമുകി; വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി ബന്ധുക്കൾ

single-img
29 March 2021

ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിൽ കാമുകിയെ കാണാനെത്തിയ 19 വയസ്സുകാരനായ യുവാവിനെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി മാവാനാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അട്ടോറ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് ബിരുദ വിദ്യാര്‍ഥിയായ അഭിഷേക് ഗുര്‍ജാര്‍ എന്ന 19 വയസ്സുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗ്രാമത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഭിഷേക് ഗുര്‍ജാര്‍. അഭിഷേകും പെണ്‍കുട്ടിയും തമ്മില്‍ രഹസ്യമായി സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടെത്തിയതോടെയായിരുന്നു ആക്രമണത്തിനുള്ള പദ്ധതിയിട്ടത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച ബന്ധുക്കൾ 12 തവണ ഇരുവരും തമ്മില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ കണ്ടെത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയോട് അഭിഷേകിനെ വീട്ടിലേയ്ക്ക് വരാന്‍ ഫോണ്‍ ചെയ്തു പറയാന്‍ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി വിളിച്ചതനുസരിച്ച് വീട്ടിലെത്തിയ അഭിഷേകിനെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഒരു കുളത്തില്‍ തള്ളുകയായിരുന്നു.

ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്തതിനെ തുടർന്നു സംഭവത്തില്‍ കാമുകിയായ പെണ്‍കുട്ടിയെയും അച്ഛന്‍ അനുജ്, മുത്തച്ഛന്‍ മഹിപാല്‍, അമ്മാവന്‍ ഓംകാര്‍, ബന്ധുവായ അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി എസ്പി (റൂറൽ) കേശവ് കുമാർ പറഞ്ഞു. പ്രതികളെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനിലെ ഒരു റിപ്പോർട്ട് അനുസരിച്ച് അഭിഷേകുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തേ അറിവുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഗ്രാമത്തിൽ ഒരു പഞ്ചായത്തും നടന്നിരുന്നു. ഇരുവരെയും വീണ്ടും തമ്മിൽ കണ്ടുമുട്ടരുതെന്ന് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. 

എന്നാൽ അഭിഷേകിനെ കൊല്ലുമെന്ന് പെൺകുട്ടിയുടെ കുടുംബം പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി അഭിഷേകിന്റെ പിതാവ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്.