ലൗ ജിഹാദ് വിഷയത്തില്‍ എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെ തനിക്കുമെന്ന് ജോസ്.കെ.മാണി

single-img
29 March 2021

ലൗ ജിഹാദ് വിവാദത്തില്‍ ജോസ് കെ മാണി മുന്‍ നിലപാട് തിരുത്തി രംഗത്ത്. എല്‍ഡിഎഫിന്റെ അഭിപ്രായം തന്നെയാണ് തനിക്കെന്നും വികസന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ചിലര്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു. ലൗ ജിഹാദ് വിഷയത്തില്‍ സംശയങ്ങള്‍ ദുരീകരിക്കപ്പെടണമെന്നായിരുന്നു ജോസ് കെ മാണിയുടെ വിവാദ പ്രസ്താവന. ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശം തള്ളിയ സിപിഐ, മതമൗലിക വാദികളുടെ പ്രചാരണം ഏറ്റുപിടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി. ആ പ്രസ്താവനയോട് ഇടതു മുന്നണിക്ക് യോജിപ്പില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ജോസ് കെ മാണിയുടെ പരമാര്‍ശത്തെ മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും പിന്തുണച്ചില്ല. പരാമര്‍ശത്തില്‍ ജോസ് കെ മാണി വ്യക്തത വരുത്തുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും എ.വിജയരാഘവനും പ്രതികരിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി വക്താവ് ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി ആവശ്യപ്പെട്ടു.എന്നാല്‍ നിലപാട് തിരുത്തി മുന്നോട്ട് വന്നിരിക്കുകയാണ് ജോസ്.കെ.മാണി. എല്‍ഡിഎഫിന്റെ അഭിപ്രായമാണ് തനിക്കും എന്നാണ് ജോസ് കെ മാണിയുടെ വിശദീകരണം.