ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
27 March 2021
Mullappally Ramachandran Kalpetta

പിണറായി സര്‍ക്കാര്‍ കേരളത്തെ ജപ്തിയുടെ വക്കിലെത്തിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനം കടക്കെണിയിലാണ്. ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ഇക്കാര്യം മുഖ്യമന്ത്രി മനപൂര്‍വം മറച്ചുവെയ്ക്കുകയാണ്. അധികാരത്തിലെത്തിയപ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്ന് ചൂണ്ടിക്കാട്ടി ധവളപത്രം ഇറക്കിയ മുഖ്യമന്ത്രിയും ധനമന്ത്രിയുമാണ് കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം ഇതുവരെ 3,20,468 കോടിയാണ്. മാര്‍ച്ച് മാസം മാത്രം 8000 കോടിരൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. അതുകൂടെ ആകുമ്പോള്‍ ആകെ കടബാധ്യത 3.28 ലക്ഷം കോടിയാകും. ഇതിനെല്ലാം പുറമെയാണ് കിഫ്ബിയെടുത്ത 12000 കോടിയുടെ കടം. ചുരുക്കത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് പിണറായി സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടബാധ്യത. മാര്‍ച്ച് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഇതുവരെ നല്‍കിയിട്ടില്ല. അത് മനപൂര്‍വം വൈകിപ്പിക്കുന്നത് മാര്‍ച്ച് മാസത്തേക്കൂടി ചേര്‍ത്ത് തെരഞ്ഞെടുപ്പിന് മുമ്പായി ഏപ്രില്‍ ആദ്യവാരം നല്‍കാനാണെന്നും മുല്ലപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.