ആറു കോടിയിൽ കണ്ണു മഞ്ഞളിക്കാതെ സ്മിജ; പറഞ്ഞ വാക്ക് പാലിക്കാൻ ലോട്ടറി ടിക്കറ്റ് വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങി ഉടമയ്ക്ക് നല്‍കി തെരുവോര ലോട്ടറി ടിക്കറ്റു വില്പനക്കാരി സ്മിജ

single-img
23 March 2021

സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ബമ്പര്‍ സമ്മാനമായ ആറ് കോടി അടിച്ചിട്ടും വാക്ക് “മാറാനുള്ളതല്ലേ” എന്നു പറയുന്ന ഈ കപടലോകത്തിൽ “വാക്കാണ് സത്യം” എന്നു മൗനമായി പറഞ്ഞു സ്മിജ എന്ന ലോട്ടറി ഏജന്റിന്റെ സത്യസന്ധത.

സമ്മര്‍ ബമ്പര്‍ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനം അടിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ കോടിയുടെ ഭാഗ്യവാനാക്കി മാറ്റിയതില്‍ ഏജന്റ് സ്മിജ കെ. മോഹന്റെ കോടികള്‍ വില മതിക്കുന്ന സത്യസന്ധതയുടെ കൂടി കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ടിക്കറ്റ് കടമായി നല്‍കിയ സ്മിജ കെ മോഹന്‍ ചന്ദ്രന് ലോട്ടറി അടിച്ചിട്ടും തന്റെ വാക്കു മാറിയില്ല. ടിക്കറ്റ് അദ്ദേഹത്തിന് തന്നെ നല്‍കി.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്ത് രാജഗിരി ആശുപത്രിക്ക് മുന്‍പിൽ വില്‍പ്പന നടത്തുന്ന വലമ്പൂര്‍ സ്വദേശിനി സ്മിജകെ. മോഹന്റെ പക്കല്‍നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലൂടെയാണ് ചന്ദ്രനെ തേടി ഭാഗ്യദേവത എത്തിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു.

ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി. രാജേഷാണ് സ്മിജയുടെ ഭര്‍ത്താവ്. മൂത്തമകന്‍ 13 കാരന്‍ ജഗന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ ലുകൈദ് അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മികെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല.

കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്‍. മൂത്തമകള്‍ ചലിതയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ വീടുപണി നടക്കുകയാണ് അവരെ സാമ്പത്തികമായി സഹായിക്കും. രണ്ടാമത്തെ മകളുടെ വിവാഹവും ബി. ടെകിന് പഠിക്കുന്ന മകന്റെ പഠന ആവശ്യങ്ങള്‍ക്കുമാണ് പണം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രന്‍ പറഞ്ഞു. കുട്ടമശേരി എസ്.ബി.ഐ. ബാങ്കിലെത്തി ടിക്കറ്റ് കൈമാറി.