സോഷ്യൽ മീഡിയ ക്യാമ്പയിനിലും; പ്രചാരണ തന്ത്രങ്ങളിലും യുഡിഎഫ് ബഹുദൂരം പിന്നില്‍; ശക്തിപ്പെടുത്തിയേ പറ്റൂവെന്ന് കേന്ദ്ര നേതൃത്വം

single-img
20 March 2021

നിയമസഭാ തിരഞ്ഞെടുപ്പിനായി രണ്ടരയാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ സോഷ്യൽ മീഡിയ ക്യാമ്പയിനിലും പ്രചാരണ തന്ത്രങ്ങളിലും യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് പുറത്തുവരുന്ന സ്വകാര്യ സർവേകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുകയാണ്. മുന്നണിയുടെ പ്രചാരണത്തിന് അടുക്കും ചിട്ടയും വന്നിട്ടില്ലെന്നാണ് ഹൈക്കമാന്‍ഡിന് കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ പരസ്യ ക്യാമ്പയിനുകളിൽ ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. വികസനം മാത്രം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്ന ഇടതുമുന്നണിയെ തളച്ചിടാൻ യു ഡി എഫിനാകുന്നില്ലെന്നും പാർട്ടി നേതൃത്വം പറയുന്നു.

രണ്ടരയാഴ്‌ച മാത്രമാണ് തിരഞ്ഞെടുപ്പിനായി ഇനിയുളളത്. എന്നിട്ടും മുന്നണിയുടെ പ്രചാരണത്തിന് അടുക്കും ചിട്ടയും വന്നിട്ടില്ലെന്നാണ് ഹൈക്കമാൻഡിന് കിട്ടിയിരിക്കുന്ന റിപ്പോർട്ട്. ജോസ് കെ മാണി മുന്നണി വിട്ടുപോയത് കാര്യമാക്കിയെടുത്തില്ലെങ്കിലും പി ജെ ജോസഫും കൂട്ടരും ചിഹ്നം പോലുമില്ലാതെ നേരിടുന്ന പ്രതിസന്ധി കോൺഗ്രസിന് ആശങ്കയാണ്. മദ്ധ്യതിരുവിതാംകൂറിൽ പ്രചാരണം ശക്തമാക്കാനാണ് നേതാക്കളെ ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്.

തൊണ്ണൂറോളം സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസ് ഏറ്റവും ചുരുങ്ങിയത് അമ്പത് സീറ്റെങ്കിലും നേടാതെ രക്ഷയില്ലെന്നാണ് ദേശീയ നേൃത്വം നേരത്തെ തന്നെ അറിയിച്ചിരുന്നത്. യുവാക്കൾക്കൾക്കും സമൂഹത്തിന്റെ വിവിധ തുറകളിലുളളവർക്കും പ്രാധാന്യം നൽകി വിപ്ലവകരമായ സ്ഥാനാർത്ഥി പട്ടികയാണ് ഇറങ്ങിയതെങ്കിലും പ്രചാരണം ശക്തമാകാതെ കാര്യമില്ലെന്നാണ് കെ.പി.സി.സിക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

ഗ്രൂപ്പിന് അതീതമായി ഇത്തവണ കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കും എന്നായിരുന്നു ആദ്യം മുതലേ പറഞ്ഞിരുന്നത്. എന്നാൽ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരും മുമ്പേ ഗ്രൂപ്പ് വഴക്ക് രൂക്ഷമായി. സ്ഥാനാർത്ഥി പട്ടിക പുറത്തെത്തിയിട്ടും വഴക്കിന് ശമനമായിട്ടില്ല. സാധാരണഗതിയിൽ ഭരിക്കുന്ന പാർട്ടിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ കേരളത്തിൽ അത്തരമൊരു വികാരം ഇല്ലെന്നാണ് പ്രീ പോൾ സർവേകളുടെ പ്രവചനം. പുറത്തു വന്ന പത്തിലധികം സർവേകളും എൽ.ഡി.എഫിന് ഭരണത്തുടർച്ച പ്രവചിക്കുന്നുമുണ്ട്.

92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ 27 സീറ്റുകളിലാണ് മുസ്ലീം ലീഗ് മത്സരിക്കുന്നത്. പത്ത് സീറ്റുകളിൽ ജോസഫ് വിഭാഗവും. ശേഷിക്കുന്ന 11 സീറ്റുകളാണ് മറ്റ് ഘടകക്ഷികൾക്കുളളത്. അമ്പത് സീറ്റുകൾ കോൺഗ്രസ് ഒറ്റയ്‌ക്ക് സ്വന്തമാക്കിയാൽ ഘടകക്ഷികളെല്ലാം ചേർന്ന് ഇരുപതിലേറെസീറ്റുകൾ നേടുമെന്നാണ് കണക്കുകൂട്ടൽ. ഇതെല്ലാം നടക്കണമെങ്കിൽ പ്രചാരണം ശക്തിപ്പെടുത്തിയേ പറ്റൂവെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.