ന്യൂഡ് ചാറ്റിന് ക്ഷണിച്ച് സ്ക്രീൻ ഷോട്ട് പകർത്തി ഓണ്‍ലൈന്‍ പെണ്‍കെണി; കുടുങ്ങി നിരവധി പേർ

single-img
20 March 2021

ഓൺലൈനിലൂടെ പെൺകെണിയിൽ പെടുത്തി പണം തട്ടുന്ന സംഘത്തിനെതിരെ പരാതിയുമായി നിരവധിപേർ. അന്വേഷണവുമായി കേരളാ പോലീസ്. നാലുദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നും നിരവധി പേരാണ് പരാതി നൽകിയത്.

ഫെയ്സ്ബുക്കിൽ അജ്ഞാതരായ സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ വീഴ്ത്തുന്നത്. യുവാക്കളും കുട്ടികളും പ്രായമായവരും തട്ടിപ്പുസംഘത്തിന്റെ വലയിൽപ്പെട്ട് പണം നഷ്ടപ്പെടുന്നതായി പോലീസ് പറഞ്ഞു. ഉത്തരേന്ത്യൻ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. ഫെയ്സ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചാൽ മെസഞ്ചർ വഴി ചാറ്റിങ് തുടങ്ങും. അടുപ്പം സ്ഥാപിച്ച് മൊബൈൽ നമ്പർ കൈക്കലാക്കും. ന്യൂഡ് ചാറ്റിന് ക്ഷണിച്ച് സ്ക്രീൻ ഷോട്ട് വഴിയോ സ്ക്രീൻ റെക്കോഡർ വഴിയോ ന്യൂഡ് ചാറ്റ് പകർത്തും.

തുടർന്ന് ചാറ്റ് ചെയ്ത ന്യൂഡ് ചാറ്റ് ഫോട്ടോ കാണിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കി പണം നൽകിയില്ലെങ്കിൽ നഗ്നചിത്രം അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് രീതി. നാണക്കേട് ഭയന്ന് സംഘം പറയുന്ന ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ, മറ്റു ഇലക്ട്രോണിക് മണിട്രാൻസ്‌ഫർ തുടങ്ങിയ സംവിധാനങ്ങൾ വഴി പണമയയ്ക്കും. വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിയെത്തും. ഓൺലൈൻ വായ്പ സംഘടിപ്പിച്ച് തട്ടിപ്പ് സംഘത്തിന് പണം നൽകിയവരുമുണ്ട്. മാനക്കേടോർത്ത് പരാതി നൽകാൻ വിസമ്മതിച്ചവരും നിരവധിയാണ്.

അപരിചിതരിൽ നിന്ന് ലഭിക്കുന്ന ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാൽ ഉടൻ വിവരം അറിയിക്കണമെന്നും കോട്ടയം ഡിവൈ.എസ്.പി. എം.അനിൽകുമാർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി.