സ്വകാര്യ ക്ലിനിക്കില്‍ റേസര്‍ ബ്ലേഡ് ഉപയോഗിച്ച് സിസേറിയന്‍; അമ്മയും കുഞ്ഞും മരിച്ചു

single-img
20 March 2021

ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ സൈനി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും നവജാത ശിശുവും മരണപ്പെട്ട സംഭവത്തില്‍ വ്യാജ ക്ലിനിക്കിനെതിരെയും ഡോക്ടര്‍ക്കതിരെയും നടപടി. മാ ശാരദ ആശുപത്രിയിലെ ജീവനക്കാരനായ രാജേന്ദ്ര ശുക്ലയാണ് റേസര്‍ ബ്ലേഡ് ഉപയോഗിച്ച് സിസേറിയന്‍ നടത്തിയത്. സിസേറിയന്‍ ശേഷം അമിത രക്തസ്രവം മൂലം നവജാതശിശുവും മരിച്ചു. മാര്‍ച്ച് പതിനേഴാം തീയതിയാണ് സുല്‍ത്താന്‍പൂര്‍ ജില്ലയിലെ സൈനി ഗ്രാമത്തിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വച്ച് ശസ്ത്രക്രിയ എന്ന പേരില്‍ കൊടും ക്രൂരത നടന്നത്. മുപ്പതുകാരിയായ പൂനത്തിനാണ് റേസർ ബ്ലേഡ് ഉപയോഗിച്ച് സി സെഷന്‍ നടത്തിയത്.

അതേസമയം അമിത രക്തസ്രവം ഉണ്ടായതോടെ പൂനത്തിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ശുക്ല ഭര്‍ത്താവായ രാജാറാമിനോട് പറയുകയായിരുന്നു. അവിടുന്നാണ് പിന്നീട് ലഖ്‌നൗവിലെ കെജിഎംയു ട്രോമ സെന്ററിലേക്ക് കൊണ്ടുപോയത്. 140 കിലോമീറ്റർ സഞ്ചരിച്ചാണ് അവിടെ എത്തിയത്. യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.ജനിച്ച് മിനിറ്റുകള്‍ക്ക് അകം കുഞ്ഞും മരിച്ചിരുന്നു.

ആശുപത്രി ഉടമയായ രാജേഷ് ഷാഹ്നിയാണ് എട്ടാം ക്ലാസ് പഠനം പൂര്‍ത്തിയാകാത്ത ശുക്ലയെ രജിസ്ട്രേഷന്‍ ഇല്ലാത്ത ആശുപത്രിയില്‍ ഒരു വര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്താനായി എത്തിച്ചത്. നരഹത്യയാണ് ഇരുവര്‍ക്കും എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് പൊലീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി.