യുഡിഎഫ് പാലാരിവട്ടം പാലത്തോട് എന്താണോ ചെയ്തത്, അത് തന്നെ കേരളത്തിലെ ജനങ്ങളോടും ചെയ്തു: ബാലചന്ദ്രൻ ചുള്ളിക്കാട്

single-img
19 March 2021

സംസ്ഥാനത്തെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തൃക്കാക്കരയിൽ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്. തൃക്കാക്കരയിൽ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഡോ. ജെ ജേക്കബാണ് ജനവിധി തേടുന്നത്.യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തിൽഎന്താണോ പാലാരിവട്ടം പാലത്തോട് ചെയ്തത് അത് തന്നെയാണ് കേരളത്തോടും ചെയ്യുന്നതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

‘കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ജീവിതത്തിന്റെ പ്രതീകമാണ് നമ്മുടെ പാലം. യുഡിഎഫ് ആ പാലത്തോട് എന്ത് ചെയ്‌തോ അത് തന്നെയാണ് യുഡിഎഫ് കേരളത്തോടും ചെയ്തത്. എല്‍ഡിഎഫ് പാലത്തോട് എന്ത് ചെയ്‌തോ അത് തന്നെയാണ് കേരള സമൂഹത്തോടും ചെയ്തത്. നമുക്ക് നോക്കിയാല്‍ കാണാം. അതുകൊണ്ടാണ് എന്നെ പോലുള്ളവര്‍ ഇവിടെ വന്ന് സംസാരിക്കുന്നത്.’- ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

ബാലചന്ദ്രന്‍ ചുള്ളിക്കാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ സിപിഎം നേതാവ് പി രാജീവും പങ്കുവെച്ചിരുന്നു. ‘ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വാക്കുകള്‍ കേള്‍ക്കാതെ പോകരുത്. എല്‍ ഡി എഫും, യു ഡി എഫും തമ്മിലുള്ള ഈ വ്യത്യാസം കേരളസമൂഹം, പ്രത്യേകിച്ച് കളമശേരിയിലെ ജനങ്ങള്‍ മനസിലാക്കുന്നു എന്നതിന്റെ തെളിവാണ് വര്‍ദ്ധി ച്ചുവരുന്നപിന്തുണ’ എന്ന കുറിപ്പോടെയാണ് രാജീവ് വീഡിയോ പങ്കുവെച്ചത്.