കെ കെ രമയില്ല; വടകരയില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും

single-img
15 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസൻ അറിയിച്ചു. കോൺഗ്രസ് പ്രകടനപത്രിക 20 ന് പ്രകാശനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഘടക കക്ഷിയായ ആര്‍എംപിയുടെ സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

പക്ഷെ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്. അതേസമയം, എൻ വേണുവായിരിക്കും വടകരയിൽ ആര്‍എംപി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കുമെന്ന് ഉറപ്പായി. ഇവയില്‍ 8 സീറ്റുകളിൽ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതായുണ്ട്.