നേമത്ത് സ്ഥാനാർഥിയാകാൻ തനിക്കു മടിയില്ലെന്ന മുരളീധരൻ്റെ പ്രതികരണം; പുലരുവോളം ഉറക്കമിളച്ച ദേശീയ നേതൃത്വ ചർച്ചകൾക്കൊടുവിൽ നേമത്തെ സ്ഥാനാർഥിയായി കെ. മുരളീധരൻ

single-img
15 March 2021

നേമത്ത് ബിജെപിയെ തോൽപിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് ഡൽഹിയിൽ അറിയിച്ച ശേഷം പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി പ്രവർത്തകരുടെയും വീട്ടുകാരുടെയും വൈകാരികമായ പ്രതികരണത്തെത്തുടർന്ന് പിൻവാങ്ങിയതോടെ അവിടേക്കു മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കങ്ങൾ ശനിയാഴ്ചകോൺഗ്രസ്സ് ആരംഭിച്ചത്.

മാസങ്ങൾക്കു മുൻപുതന്നെ ബിജെപിയെ അവരുടെ മടയിൽ പോയി നേരിടാൻ തയാറാണെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാടിൽ അമ്പരന്ന സംസ്ഥാന നേതൃത്വം പിന്നീട് അതിനായുള്ള ഒരുക്കങ്ങൾ രഹസ്യമായി ആരംഭിച്ചു. ഇന്റലിജൻസ് ബ്യൂറോയിലെ മുൻ ഉദ്യോഗസ്ഥരുടെ കൂടി സഹായത്തോടെ നേമത്ത് ഉമ്മൻ ചാണ്ടിയുടെ വിജയസാധ്യത പരിശോധിച്ചു. ബിജെപിക്കു സ്വാധീനമുള്ള മണ്ഡലമാണെങ്കിലും ജനപ്രീതിയുടെ ബലത്തിൽ ഉമ്മൻ ചാണ്ടി മികച്ച വിജയം നേടുമെന്ന റിപ്പോർട്ട് ലഭിച്ചതോടെ, സംസ്ഥാന നേതൃത്വത്തിന് ആവേശമായി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കൊപ്പം കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി, നേമം വെല്ലുവിളി ഏറ്റെടുക്കാനുള്ള സന്നദ്ധത ഹൈക്കമാൻഡിനെ സ്വയം അറിയിച്ചിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ തീരുമാനം മാറിയതോടെ കരുത്തനായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ തിരിച്ചടിയാകുമെന്നു നേതൃത്വം വിലയിരുത്തി.

ഇതിനിടെ, നേമത്ത് സ്ഥാനാർഥിയാകാൻ തനിക്കു മടിയില്ലെന്ന് മുരളീധരൻ ചാനലുകളോടു പ്രതികരിച്ചു. എങ്കിൽ എന്തുകൊണ്ട് മുരളി ആയിക്കൂടാ എന്ന ചിന്ത എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുല്ലപ്പള്ളി പങ്കുവച്ചു. മുരളിയുമായി ഫോണിൽ ബന്ധപ്പെട്ട എ.കെ. ആന്റണി അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു. മത്സരത്തിനു തയാറാണെന്നു മുരളി അറിയിച്ചതോടെ, ഡൽഹിയിലെ ചർച്ചകൾ ആ വഴിക്കു നീങ്ങി. കേരളത്തിലുള്ള ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും ഫോണിൽ ബന്ധപ്പെട്ട മുല്ലപ്പള്ളി നേമത്ത് മുരളിയെ രംഗത്തിറക്കുന്ന കാര്യം ചർച്ച ചെയ്തു.

ഇരുവരും സമ്മതം മൂളിയതോടെ, ഡൽഹിയിൽ വേണുഗോപാലിന്റെ ഫ്ലാറ്റിലേക്ക് ശനിയാഴ്ച രാത്രിയോടെ മുല്ലപ്പള്ളി എത്തി. പുലരുവോളം നീണ്ട ചർച്ചയിൽ മുരളിയുടെ സ്ഥാനാർഥിത്വത്തിന്റെ ഗുണദോഷങ്ങൾ ഇഴകീറി പരിശോധിച്ചു. കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ ഇന്നലെ പുലരുവോളം ഉറക്കമിളച്ച് നടത്തിയ അണിയറ ചർച്ചകൾക്കൊടുവിൽ നേമത്തെ സ്ഥാനാർഥിയായി കെ. മുരളീധരനെ പ്രഖ്യാപിക്കുകയായിരുന്നു.

ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഹിന്ദു, ന്യൂനപക്ഷ വോട്ടുകൾ പിടിക്കാനുള്ള പ്രതിച്ഛായ മുരളിക്കുണ്ടെന്നു നേതൃത്വം വിലയിരുത്തി. മാരത്തൺ ചർച്ചയ്ക്കൊടുവിൽ പുലർച്ചെ 4 മണിയോടെ നേമത്ത് മുരളീധരനെ ഉറപ്പിച്ചു. ഇന്നലെ രാത്രി ഡൽഹി കേരളാ ഹൗസിലെത്തിയ മുരളിയെ മധുരം നൽകിയാണു മുല്ലപ്പള്ളി സ്വീകരിച്ചത്.