അമേരിക്കയിൽ കണ്ടെത്തിയ ‘അത്ഭുത മത്സ്യ മനുഷ്യന്റെ’ പിന്നിലെ രഹസ്യം അറിയാം

single-img
14 March 2021

അമേരിക്കയിലായിരുന്നു സംഭവങ്ങളുടെ തുടക്കം, 1842ല്‍ ‍ഡോ.ജെ.ഗ്രിഫിന്‍ എന്ന് പേരുള്ള വ്യക്തി തന്റെ പതിവു കറക്കമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ ഒരു അപൂര്‍വ വസ്തുവുണ്ടായിരുന്നു. മത്സ്യമനുഷ്യന്‍ എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.

പാതി മനുഷ്യനും പാതി മത്സ്യവുമായ ഈ ജീവിയെ തെക്കന്‍ പസിഫിക് സമുദ്രത്തിലെ ഫിജി ദ്വീപുകളില്‍ നിന്നാണ് ലഭിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്തായാലും സംഭവം കേട്ടയുടനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഗ്രിഫിന്‍ താമസിക്കുന്ന ഹോട്ടലിലെത്തി. അവരുടെ മുന്നില്‍ അദ്ദേഹം തന്റെ കയ്യിലെ ശരീരം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഒറ്റനോട്ടത്തില്‍ത്തന്നെ മത്സ്യമനുഷ്യന്‍ യാഥാര്‍ഥ്യമാണെന്ന് അവര്‍ വിധിയെഴുതുകയും ചെയ്തു.

‘ഫിജിയിലെ മത്സ്യമനുഷ്യന്‍’ എന്ന പേരില്‍ തലക്കെട്ടില്‍ പിറ്റേന്നു തന്നെ സംഭവം വന്‍ വാര്‍ത്തയുമായി. അതിനിടെയാണ് പി ടി ബാനം എന്ന ബിസിനസുകാരന്‍ ന്യൂയോര്‍ക്കിലെ പ്രശസ്തമായ പത്ര സ്ഥാപനങ്ങളില്‍ ഒരു പരസ്യവുമായെത്തുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘അമേരിക്കന്‍ മ്യൂസിയ’ത്തില്‍ ഗ്രിഫിന്റെ മത്സ്യമനുഷ്യനെ പ്രദര്‍ശിപ്പിക്കുന്നുവെന്നായിരുന്നു പരസ്യം. എന്നാല്‍ അതു പ്രസിദ്ധീകരിക്കും മുന്‍പേ തന്നെ ഗ്രിഫിന്‍ ആ ആവശ്യം തള്ളി. അതിനോടകം തന്നെ ന്യൂയോര്‍ക്കിലാകെ പതിനായിരത്തോളം ലഘുലേഖകള്‍ ബാനം വിതരണം ചെയ്തിരുന്നു. അതും മത്സ്യകന്യകമാരുടെ ചിത്രങ്ങളുമായി.

ബാനം നല്‍കിയ പരസ്യത്തിലെ മത്സ്യകന്യകയുടെ ചിത്രം ചില പത്രങ്ങളാകട്ടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കിലെമ്ബാടും ഗ്രിഫിന്റെ മത്സ്യമനുഷ്യന്‍ ചര്‍ച്ചാവിഷയമായതോടെ ബ്രോഡ്‌വേ കണ്‍സര്‍ട്ട് ഹാളില്‍ ഒരാഴ്ചത്തേക്ക് പ്രദര്‍ശനത്തിനു വയ്ക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സംഭവം വന്‍ ഹിറ്റായി, ജനം ഇടിച്ചു കയറി. അതോടെ കുറച്ചധികം നാള്‍ കൂടി പ്രദര്‍ശനത്തിന് അധികൃതര്‍ സമ്മതിച്ചു. പിന്നാലെ ബാനത്തിന്റെ അമേരിക്കന്‍ മ്യൂസിയത്തില്‍ ഒരു മാസത്തെ പ്രദര്‍ശനത്തിനും സമ്മതിച്ചു. മത്സ്യമനുഷ്യനെ കാണാനെത്തുന്നവര്‍ക്കു മുന്നില്‍ ഗ്രിഫിന്റെ ‘ലൈവ്’ വിവരണവും ഉണ്ടായിരുന്നു.

എന്നാല്‍ ബാനം പുറത്തുവിട്ട ലഘുലേഖകളില്‍ അച്ചടിച്ചതു പോലുള്ള മത്സ്യകന്യകയായിരുന്നില്ല ഗ്രിഫിന്റെ കയ്യിലുണ്ടായിരുന്നത്. മറിച്ച്‌ ആകെ ഉണങ്ങിയൊട്ടിയ ഒരു വിചിത്രജീവിയുടെ ശരീരമായിരുന്നു. തുടക്കത്തില്‍ അതു യഥാര്‍ഥജീവിയാണെന്നു പലരും വിശ്വസിച്ചെങ്കിലും പിന്നീടാണ് അതിനു പിന്നിലെ യാഥാര്‍‌ഥ്യം പുറത്തു വന്നത്. ഒരു കുട്ടിക്കുരങ്ങന്റെ ശരീരം ഒരു വലിയ മത്സ്യത്തിന്റെ ശരീരത്തോടു തുന്നിച്ചേര്‍ത്ത് ഉണക്കിയെടുത്തതായിരുന്നു അത്. പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്തരം മത്സ്യമനുഷ്യരെ നിര്‍മിച്ചെടുക്കുന്നതു പതിവായിരുന്നു, പ്രത്യേകിച്ചു ജപ്പാനില്‍. അവിടത്തെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഒരാചാരം പോലെയായിരുന്നു ഇത്തരം വിചിത്ര ജീവിയെ നിര്‍മിക്കല്‍.

വര്‍ഷങ്ങളായി അവരതു തുടരുകയും ചെയ്യുന്നു.ഡച്ച്‌ വ്യാപാരികളാണ് ഈ വിചിത്രരൂപങ്ങളിലൊന്നിനെ വാങ്ങി വില്‍പനയ്ക്കെത്തിച്ചത്. അവര്‍ ഇത് 1822ല്‍ സാമുവല്‍ ബാരെറ്റ് ഏഡ്സ് എന്ന അമേരിക്കന്‍ കപ്പിത്താനു വിറ്റു. അതിനു വേണ്ടി വന്‍ തുകയാണ് സാമുവല്‍ മുടക്കിയത്. പക്ഷേ അതു പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കുന്നതിനു മുന്‍പേ അദ്ദേഹം മരിച്ചു. തുടര്‍ന്ന് ആ മത്സ്യമനുഷ്യനെ അദ്ദേഹത്തിന്റെ മകനു ലഭിച്ചു. പിന്നീട് പലരിലൂടെ കൈമാറിയാണ് അത് ഗ്രിഫിനിലേക്കും ബാനത്തിലേക്കും എത്തിയത്. 20 വര്‍ഷത്തോളം അത് ബാനത്തിന്റെ മ്യൂസിയത്തില്‍ തുടര്‍ന്നു.

1859ല്‍ അത് പ്രദര്‍ശനത്തിനായി ലണ്ടനിലുമെത്തി. എന്നാല്‍ 1865ല്‍ അമേരിക്കന്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ മത്സ്യമനുഷ്യന്‍ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അങ്ങനെയല്ല, തീപിടിത്തത്തെത്തുടര്‍ന്ന് മത്സ്യമനുഷ്യനെ കിംബാല്‍സ് മ്യൂസിയത്തിലേക്കു മാറ്റുകയും 1880കളില്‍ അവിടെയുണ്ടായ മറ്റൊരു തീപിടിത്തത്തില്‍ അതു നശിച്ചില്ലാതായെന്നും മറ്റൊരു കഥ. ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഫിജി മെര്‍മെയ്ഡ് യാഥാര്‍ഥ്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്. അവര്‍ അതിനെക്കുറിച്ച്‌ ചര്‍ച്ചകളും സംഘടിപ്പിക്കാറുണ്ട്. അത്തരക്കാരെ ലക്ഷ്യമിട്ട് പല ലോക മ്യൂസിയങ്ങളിലും ഇപ്പോഴും ഈ മത്സ്യമനുഷ്യരുടെ വിവിധ രൂപങ്ങള്‍ തടിയിലും മറ്റും തീര്‍ത്ത് പ്രദര്‍ശനത്തിനു വച്ചിട്ടുമുണ്ട്.