41 വയസുള്ള തൊഴിൽ രഹിതൻ; മാതാപിതാക്കൾ ചിലവിന് തരണം; കേസ്കൊടുത്ത് ഓക്‌സ്‌ഫോർഡ് ബിരുദധാരി

single-img
12 March 2021

ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും നിയമപഠനത്തിൽ ബിരുദം നേടിയ സിദ്ദിഖി എന്ന് പേരുള്ള 41 വയസുള്ള തൊഴിൽ രഹിതനായ കക്ഷിയാണ് മാതാപിതാക്കൾ ചിലവിന് തരണം എന്നും വ്യക്തമാക്കി കേസ് കൊടുത്തിരിക്കുന്നത്. നിരവധി നിയമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള സിദ്ദിഖി പക്ഷെ 2011 മുതൽ തൊഴിൽരഹിതനാണ്. അതുകൊണ്ട് തന്നെ സാമ്പത്തികമായി ജീവിതകാലം മുഴുവൻ തന്നെ സഹായിക്കണമെന്ന് ദുബായിൽ താമസിക്കുന്ന മാതാപിതാക്കളോട് സിദ്ദിഖി ആവശ്യപ്പെട്ടു.

20 വർഷമായി ഒരു മില്യൺ ഡോളർ വിലയുള്ള ലണ്ടനിലെ ഹൈഡ് പാർക്കിന് സമീപമുള്ള മാതാപിതാക്കളുടെ ഫ്ലാറ്റിൽ താമസിക്കുകയാണ് സിദ്ദിഖി എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഇതുകൂടാതെ ആഴ്ചയിൽ 400 ഡോളറിൽ കൂടുതൽ ചെലവിനായി മാതാപിതാക്കൾ നൽകുന്നുണ്ട്. അടുത്തിടെ കുടുംബ തർക്കത്തെത്തുടർന്ന് മകനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാൻ മാതാപിതാക്കൾ തീരുമാനമെടുത്തതോടെയാണ് സിദ്ദിഖി ഇടഞ്ഞത്. ആജീവനാന്തം തനിക്ക് മാതാപിതാക്കൾ ചിലവിന് തരാൻ ബാധ്യസ്ഥരാണ് എന്ന് വാദിച്ചാണ് സിദ്ദിഖി കേസ് കൊടുത്തിരിക്കുന്നത്.

മാതാപിതാക്കൾക്കെതിരായ നൽകിയ കേസ് കഴിഞ്ഞ വർഷം ഒരു കുടുംബ കോടതി ജഡ്ജി നിരാകരിച്ചിരുന്നു. എന്നാൽ സിദ്ദിഖി ഇപ്പോൾ അപ്പീൽ കോടതിയിൽ പോയിരിക്കുകയാണ്. ഇതാദ്യമായല്ല സിദ്ദിഖി വിചത്രമായ കാര്യത്തിന് കേസ് കൊടുക്കുന്നത്. 2018ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും 40.56 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു കക്ഷി. അധ്യാപനം അപര്യാപ്തമാണ് എന്നതാണ് കുറ്റം.