കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ അഴിമതി ആരോപണം

single-img
11 March 2021

കേന്ദ്ര മന്ത്രിസഭയിലെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സ്വീഡൻ വാഹന നിർമാതാക്കളിൽ നിന്ന് ഒരു ബസ് ഉപഹാരമായി സ്വീകരിച്ചുവെന്ന് ആരോപണം. സ്വീഡനില്‍ നിന്നുള്ള മാധ്യമമായ എസ്ടിവിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വിട്ടത്. പക്ഷെ ഗഡ്കരി ആരോപണം നിഷേധിച്ചു. വാർത്ത തെറ്റാണെന്നും തന്നെ തേജോവധം ചെയ്യാനുദ്ദേശീച്ചാണെന്നും ഗഡ്കരി വിശദീകരിച്ചു. 2016 ൽ നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായാണ് ഒരു സ്കാനിയ ബസ് ഉപഹാരമായി നൽകിയത്.

സ്കാനിയ ബസുകളുടെ ഉടമകളായ ഫോക്സ് വാഗൺ കമ്പനി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് സംഭവം പുറത്തായത്. സ്കാനിയ ബസുകളുടെ ഒരു ഡീലർ വഴി ഗഡ്കരിയുടെ മകന് പാട്ടത്തിന് നൽകുന്നു എന്ന വ്യവസ്ഥയിലാണ് ബസ് കൈമാറിയത്. എന്നാല്‍ ബസിന് പണം വാങ്ങിയിട്ടില്ലെന്ന് ഫോക്സ് വാഗൺ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ സ്കാനിയ കമ്പനിയുടെ ഉഗ്യോഗസ്തര്‍ സമ്മതിച്ചു.

നിലവിൽ ഈ ബസിന്‍റെ ഉടമസ്ഥത ആർക്കാണെന്നറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്കാനിയ ഉദ്യോഗസ്ഥരും ഗഡ്കരിയുടെ മകനുമായി നടത്തിയ ഇ-മെയിൽ ആശയവിനിമയത്തിന്‍റെ വിശദാംശങ്ങളും പുറത്തായി. മന്ത്രിക്ക് ബസ് നൽകുന്നത് സ്കാനിയ കമ്പനിയെ സംബന്ധിച്ച് നിർണായക നാഴികക്കല്ലാണെന്നും ഇ-മെയിലിൽ പറയുന്നു.