കെ.മുരളീധരന്‍ നേമത്ത് മത്സരിച്ചേക്കും; ബി.ജെ.പി.യെ പ്രതിരോധിക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍

single-img
11 March 2021

കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ജയസാധ്യത പരിഗണിച്ച് നേമത്ത് കെ.മുരളീധരന്‍ മത്സരിക്കാനാണ് സാധ്യത. സ്ഥാനാര്‍ഥി ആകുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. 

ബുധനാഴ്ച രാത്രി ഏറെ വൈകിയും കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി യോഗം നടത്തിയിരുന്നു. സാധ്യതാപട്ടിക ചുരുക്കാനുളള കഠിനപ്രയത്‌നത്തിലായിരുന്നു നേതാക്കള്‍. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ചര്‍ച്ചയില്‍ സാധ്യതാ പട്ടിക വിശദമായി ചര്‍ച്ച ചെയ്യുകയും ഓരോ മണ്ഡലത്തിലുമായി നിര്‍ദേശിക്കപ്പെട്ട പേരുകള്‍ ഒന്നോ രണ്ടോ ആയി ചുരുക്കാനുളള ശ്രമങ്ങളുമാണ് നടന്നത്. ഇന്ന് രാവിലെ സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് ഇന്നുതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. 

ബി.ജെ.പി. ശക്തികേന്ദ്രങ്ങളായ തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായതാണ് എം.പി.മാര്‍ മത്സരിക്കേണ്ടെന്ന മുന്‍ നിലപാടില്‍ നിന്നുമാറി നേമത്ത് കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ ശ്രമംനടക്കുന്നത്.

നേമത്ത് രമേശ് ചെന്നിത്തലയോ, ഉമ്മന്‍ചാണ്ടിയോ സ്ഥാനാര്‍ഥി ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്നും അതേസമയം കെ.മുരളീധരന് ജയസാധ്യത കൂടുതലാണെന്നുമുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞതവണ ഒ. രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കെ.മുരളീധരനെ കൊണ്ടുവരുന്നത് ബി.ജെ.പി.യെ പ്രതിരോധിക്കുന്നത് സി.പി.എം. ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുളള നേതാക്കളുമായി കെ.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. മത്സരിക്കുന്നതിനൊപ്പം പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. 

90-92 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക. ഇതില്‍ ആലപ്പുഴ, ധര്‍മടം, മലമ്പുഴ തുടങ്ങി മത്സരിക്കുന്ന 26 സീറ്റുകളില്‍ ജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കന്‍, കെ.ബാബു എന്നിവരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.  

കെ.സി.ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും എം.പിമാരും ഉറച്ചുനില്‍ക്കുകയാണ്. അതേസമയം തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് പകരം സൗമിനി ജെയിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. 

ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന ശൈലിയിലും മാറ്റമുണ്ടാകും. വാര്‍ത്താകുറിപ്പിന് പകരം നേതാക്കള്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.