ട്വൻ്റി 20യില്‍ ചേര്‍ന്ന് ശ്രീനിവാസനും സിദ്ധീഖും ചിറ്റിലപ്പള്ളിയും

single-img
8 March 2021

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, സംവിധായകൻ സിദ്ദീഖ്, നടൻ ശ്രീനിവാസൻ തുടങ്ങിയവർ ട്വന്റി 20യിൽ അംഗങ്ങളായി. മൂന്ന് പേരും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പകരം ട്വന്റി 20 ഉപദേശക സമിതിയംഗങ്ങളാവും. ചിറ്റിലപ്പള്ളിയാണ് ഉപദേശക സമിതി ചെയർമാൻ.

തദ്ദേശതെരഞ്ഞെടുപ്പിൽ എറണാകുളത്തിൻ്റെ കിഴക്കൻ മേഖലയിൽ വൻ മുന്നേറ്റം നടത്തിയപിൻബലത്തിലാണ് എറണാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുള്ള ട്വൻ്റി 20-യുടെ സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. പെനാപ്പിളാണ് ട്വന്റി 20യുടെ ചിഹ്നം. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി 20 മത്സരിച്ചിരുന്നത്.

സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചത്. ട്വൻ്റി 20 യുടെ ശക്തി കേന്ദ്രമായ കുന്നത്തുനാട്ടിൽ സുജിത്ത് പി സുരേന്ദ്രനാണ് സ്ഥാനാര്‍ത്ഥിയാവുന്നത്. സംവരണമണ്ഡലമായ കുന്നത്തുനാട്ടിൽ കോണ്‍ഗ്രസിൻ്റെ വി പി സജീന്ദ്രനാണ് നിലവിലെ എംഎൽഎ.

കോതമംഗലത്ത് ഡോ. ജോസ് ജോസഫാണ് സ്ഥാനാര്‍ത്ഥിയാവുക. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച ഡോക്ടര്‍ ജോ ജോസഫ് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിൻ്റെ മരുമകനാണ്. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥി. മൂവാറ്റുപുഴയിൽ മാധ്യമപ്രവര്‍ത്തകനായ സി എൻ. പ്രകാശൻ സ്ഥാനാര്‍ത്ഥിയാവും. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലാവും സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികളാരും പൊതുപ്രവര്‍ത്തന രംഗത്ത് ഉള്ളവരല്ലെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ദ്ധ്യം ഉള്ളവരാണ്.