പ്രകോപന പ്രസംഗം; ഹിന്ദു ഐക്യവേദിയുടെ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

single-img
26 February 2021

പ്രകോപന പ്രസംഗം നടത്തിയ കാരണത്താൽ ഹിന്ദു ഐക്യവേദിയുടെ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ജിനു മോന്‍ അറസ്റ്റില്‍. വയലാറിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ യോഗത്തിലായിരുന്നു എസ്ഡിപിഐ അല്ല തീവ്രവാദികള്‍, തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്ലാം ഒറ്റപ്പെടുത്തേണ്ട മതമാണ് എന്നിങ്ങനെയുള്ള പ്രകോപന പ്രസംഗം നടത്തിയത്.

ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാ രൂക്ഷമായ ഭാഷയിലാണ് വിദ്വേഷ പരാമര്‍ശം ഉണ്ടായത്. ജിനുവിന്റെ വാക്കുകൾ ഇങ്ങിനെ: ‘എസ്.ഡി.പി.ഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്ലാം ഒറ്റപ്പെടുത്തേണ്ട മതമാണ്. ഇസ്ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട.

ഇസ്ലാം എന്നത് ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്. അതുകൊണ്ട് എസ്ഡിപിഐ എന്ന പേര് പറഞ്ഞുകൊണ്ട് സംഘപ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഇന്നത്തെ ഈ പ്രതിഷേധം കൊണ്ട് ഇത് അസ്തമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഞങ്ങള്‍ക്ക് പോയത് നമ്മുടെ ചോരയാണ്. നമ്മുടെ സഹോദരന്റെ ചോരയ്ക്ക് ചോരകൊണ്ട് മറുപടി പറയാന്‍ തയാറാണ്’.

ബുധനാഴ്ച രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ – ആർഎസ്എസ് സംഘർഷത്തിനിടെ ശാഖ ഗഡ നായക് നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് കണ്ടെത്തിയ എട്ട് പേരെ ചേർത്തല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ ഉള്ളത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന ഒമ്പത് പേരടക്കം ഇരുപത്തഞ്ച് പേർക്കെതിരെയാണ് കേസ്.