അയ്യപ്പനും വാവർക്കും കേരളത്തില്‍ ഇടതു ഭരണം വരുന്നതാണ് ഇഷ്ടം: എംഎ ബേബി

single-img
9 February 2021

കേരളത്തിൽ അയ്യപ്പനും വാവർക്കും ഇടതു ഭരണം വരുന്നതാണ് ഇഷ്ടമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. അതിനുള്ള കാരണം അഴിമതിയില്ലാതെ ക്ഷേത്രങ്ങളും പള്ളി കമ്മിറ്റികളും നല്ല രീതിയിൽ നടത്തുന്നത് ഇടതു ഭരണകാലത്താണ് എന്നും അദ്ദേഹം പറഞ്ഞു. വരുന്നനിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണം യുഡിഎഫിന് ഗുണം ചെയ്യില്ല. വേറെ ഒന്നും പറയാനില്ലാത്ത രാഷ്ട്രീയ ശൂന്യതയിൽ നിന്നാണ് യുഡിഎഫ് ശബരിമല വിഷയം ഇപ്പോഴും പറയുന്നതെന്നും എംഎ ബേബി പറയുന്നു.

ശബരിമല വിഷയം പറഞ്ഞാൽ മാത്രമേ വോട്ട് കിട്ടുമെന്ന വിശ്വാസം യുഡിഎഫിനുണ്ട്. എന്നാൽ, സുപ്രീം കോടതി വിധി വന്നാൽ അത് ചർച്ച ചെയ്ത ശേഷമേ നടപ്പാക്കൂ എന്നും എംഎ ബേബി പറഞ്ഞു. അയ്യപ്പനേയും വാവര് സ്വാമിയേയും രക്ഷിക്കാൻ അവർക്കുതന്നെ കഴിയും. അമ്പലങ്ങൾക്കും പള്ളികൾക്കും എന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമാണെങ്കിൽ ഇനിയും സംസ്ഥാന സർക്കാർ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല യുഡിഎഫിനെ എത്രത്തോളം സഹായിച്ചുവെന്നതു സംബന്ധിച്ച് പരിശോധന വേണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വരവ്, ബിജെപിക്ക് ബദൽ തുടങ്ങിയ കാര്യങ്ങൾ വേറെയുണ്ട്. ശബരിമലയൊക്കെ അനുബന്ധ ഘടകമായിരിക്കാം. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.