സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതരുത്: യാക്കോബായ ബിഷപ്പ്

single-img
6 February 2021

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് മുന്നറിയിപ്പുമായി യാക്കോബായ സഭ. കേരളത്തില്‍ സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതരുതെന്ന് യാക്കോബായ ബിഷപ്പ് തോമസ് മാര്‍ അലക്‌സാന്‍ഡ്രിയോസ് പറഞ്ഞു.

വിശ്വാസികള്‍ക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം തിരിച്ചുകിട്ടിയേ പറ്റൂ. 37 ദിവസം വഴിയരികില്‍ മഞ്ഞും വെയിലും കൊണ്ടിരിക്കുന്ന തങ്ങളെ കാണാതെ പോയാല്‍ വിശ്വാസികള്‍ പ്രതികരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. സെക്രട്ടറിയേറ്റ് നടയില്‍ യാക്കോബായ വിഭാഗം നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യവേയാണ് മുംബൈ ഭദ്രാസനാധിപന്റെ പ്രതികരണം.

ഞങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തിരിച്ചുകിട്ടിയേ പറ്റുകയുള്ളൂ. ഞങ്ങളുടെ വേദനയും സങ്കടവും മനസിലാക്കിയ സര്‍ക്കാര്‍, 37 ദിവസം ഈ വഴിയരികില്‍ രാത്രി മഞ്ഞും പകല്‍ വെയില്‍ ചൂടും കൊണ്ടിരിക്കുന്ന ഞങ്ങളെ കാണാതെ പോയാല്‍ ഞങ്ങളുടെ ജനം പ്രതികരിക്കും തീര്‍ച്ചയാണ്. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളില്‍ നാളെ പ്രാര്‍ത്ഥന നടത്തുമെന്നും യാക്കോബായ സഭ വ്യക്തമാക്കി. സഭാ തര്‍ക്കം തീര്‍ക്കാന്‍ നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സഭ തിങ്കളാഴ്ച്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.