കേന്ദ്ര ബജറ്റ്: കര്‍ഷക ക്ഷേമത്തിന് 75,060 കോടി; കൊവിഡ് വാക്‌സിനായി മാത്രം 35,000 കോടി

single-img
1 February 2021
Nirmala Sitharaman Budget

ആരോഗ്യമേഖലയുടെ സാമ്പത്തിക വികസനത്തിനായി 64,180 കോടി രൂപയും കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ 75,060 കോടി രൂപയും പ്രഖ്യാപിച്ച് 2021-ലെ കേന്ദ്ര ബജറ്റ്(Union Budget 2021). കൊവിഡ് വാക്‌സിനായി മാത്രം 35,000 രൂപ വകമാറ്റിയതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്ത് 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കുമെന്നും കൂടുതല്‍ കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന ധനമന്ത്രി നിർമല സീതാരാമൻ്റെ അവകാശവാദത്തെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയും ആര്‍ത്തുവിളിച്ചും പരിഹസിച്ചു.

16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.

വിദേശനിക്ഷേപപരിധി 74 ശതമാനമാക്കി ഉയര്‍ത്തിയെന്ന സുപ്രധാനതീരുമാനവും ധനമന്ത്രി അറിയിച്ചു. 49 ശതമാനമാണ്് നിലവിലെ പരിധി. ഇത് കുത്തനെ ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ആത്മനിര്‍ഭര്‍ ഭാരത് വിപ്ലവം സൃഷ്ടിച്ചുവെന്ന് ധനമന്ത്രി വിലയിരുത്തി. 2.87 ലക്ഷം കോടിരൂപ ജലജീവന്‍ മിഷനായി മാറ്റിവെച്ചതായും നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.

റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കേരള തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം മുതലായ സംസ്ഥാനങ്ങളുടെ ദേശീയപാതാ വികസനത്തിനുള്ള പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കേരളത്തിന് 65,000 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

നഗരപ്രദേശങ്ങളിലെ സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങള്‍ക്കും സൗന്ദര്യവല്‍ക്കരണത്തിനുമായി 1.41 ലക്ഷം കോടി രൂപ മാറ്റിവെയ്ക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കിട്ടാക്കടം അടക്കം പരിഹരിക്കാന്‍ ബാങ്കുകള്‍ക്ക് 20,000 കോടി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

Union Budget 2021 :FM Nirmala Sitharaman announces special packages for farmers