കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവര്‍ ഡിഎഫ്‌ഐയിലൂടെ ആ മാതൃക പിന്തുടരുന്നു; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

single-img
1 February 2021

രാജ്യത്തിനെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്ക് വിട്ടുനല്‍കുന്ന ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതലായി പൊതുസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനും ഇന്‍ഷുറന്‍സ് മേഖലയിലടക്കം വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും നിര്‍ദേശങ്ങളുള്ള ബജറ്റ് എല്ലാ മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും അങ്ങനെ രാജ്യത്തെ പൂര്‍ണമായി കച്ചവട താല്‍പര്യങ്ങള്‍ക്കു വിട്ടുനല്‍കുകയും ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേപോലെ തന്നെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ (ഡിഎഫ്‌ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ ഡിഎഫ്‌ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവര്‍ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രതിസന്ധിയില്‍ നില്‍ക്കുന്ന കാര്‍ഷികമേഖലയില്‍നിന്നും പൂര്‍ണമായി പിന്‍വാങ്ങി അതിനെ സ്വകാര്യ കുത്തകകള്‍ക്കായി തുറന്നുകൊടുത്ത പുതിയ കാര്‍ഷിക നയങ്ങളുടെ പാതയില്‍ തന്നെ ഇനിയും തങ്ങള്‍ മുന്നോട്ടുസഞ്ചരിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റുപറച്ചില്‍ കൂടിയാവുകയാണ് ഈ റ്റെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നിരക്കുകളിലെ വര്‍ധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാര്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഇടംപിടിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.