ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ബഹുമതി നിലനിർത്താൻ അഗതികളെ നഗരത്തിന്​ വെളിയിൽ തള്ളി; ദൈവത്തോട്​ മാപ്പുപറഞ്ഞ്​ ജില്ല മജിസ്​ട്രേറ്റ്​

single-img
1 February 2021

ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നിലനിർത്താൻ ഇൻഡോർ നഗരത്തി​ലെ തെരുവോരങ്ങളിൽ​ കഴിഞ്ഞുപോന്ന അവശരായ വയോധികരെ മാലിന്യവണ്ടിയിൽ കയറ്റി മറ്റൊരു ഗ്രാമത്തിൽ കൊണ്ടുപോയി തള്ളിയ നടപടിയിൽ ദൈവത്തോട്​ മാപ്പുപറഞ്ഞ്​ ജില്ല മജിസ്​ട്രേറ്റ്​.

ഈ തെറ്റ് ആരുചെയ്തതാണെങ്കിലും ഉദ്യോഗസ്​ഥർ എന്ന നിലയിൽ ഉത്തരവാദിത്തത്തിൽനിന്ന്​ ഒളിച്ചോടാനാവില്ലെന്നും ഈ പിഴവിന്​ ദൈവത്തോട്​ മാപ്പുചോദിക്കുന്നതായും ജില്ല മജിസ്​ട്രേറ്റ്​ മനീഷ്​ ശുക്ല പറഞ്ഞു.

ഏറ്റവും ​വൃത്തിയേറിയ നഗരം എന്ന ദേശീയ ബഹുമതി നാലുതവണ സ്വന്തമാക്കിയത്​ നിലനിർത്താനുള്ള ശു​ചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ്​ അഗതികളും അനാഥരുമായ വയോധികരെ അതിർത്തിക്കു പുറത്തുകൊണ്ടുപോയി തള്ളിയത്​. ​

വെള്ളിയാഴ്​ച ഉച്ചക്ക്​ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി ഉൾപ്പെടെ പലരും പ്രതിഷേധമുയർത്തിയിരുന്നു. “ഈ സംഭവം മാനവികതയ്ക്ക് കളങ്കമാണ്. ഈ നിരാലംബരായ ആളുകളോട് സർക്കാരും ഭരണകൂടവും മാപ്പ് പറയണം. ഉത്തരവ് നടപ്പാക്കുന്ന താഴേക്കിടയിലെ ഉദ്യോഗസ്ഥർക്കല്ല, ഉത്തരവ് നൽകിയ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്” പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഉത്തരവാദികളായ നഗരസഭ ഉദ്യോഗസ്​ഥരെ സസ്​പെൻറ്​ ചെയ്യാൻ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ ഉത്തരവിടുകയും ചെയ്​തു.

പ്രതിഷേധത്തെ തുടർന്ന്​ ചിലരെ നഗരത്തിലേക്ക്​ തിരിച്ചെത്തിച്ച്​ അഗതി മന്ദിരങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്​. എന്നാൽ, 15 പേരെ ബലം പ്രയോഗിച്ച്​ കൊണ്ടുപോയെങ്കിലും നാലുപേരെ മാത്രമാണ്​ തിരികെയെത്തിച്ചതെന്ന്​ കോൺഗ്രസ്​ എം.എൽ.എ സഞ്​ജയ്​ ശുക്ല ആരോപിച്ചു.

സംഭവത്തിൽ വിശദ അന്വേഷണം നടത്തിവരുകയാണെന്ന്​ അഡീ.നഗരസഭ കൺവീനർ അറിയിച്ചു.