സംസ്ഥാനത്തു തഴയപ്പെട്ട നേതാക്കൾക്ക് അർഹമായ പരിഗണന; ശോഭാ സുരേന്ദ്രന്‍റെ പരാതികള്‍ പരിഹരിക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വം

single-img
30 January 2021

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ശോഭാസുരേന്ദ്രൻ ഉയർത്തിയ പരാതികൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി ബിജെപി കേന്ദ്രനേതൃത്വം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശ പ്രകാരം നിർമ്മല സീതാരാമനും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ശോഭാസുരേന്ദ്രൻ ചർച്ച നടത്തി. സംസ്ഥാന നേതൃത്വത്തിൽ തഴയപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ഉറപ്പ്.

കെ സുരേന്ദ്രൻ പ്രസിഡന്‍റായ ശേഷം താനുൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കളെ തഴയുന്നു എന്ന പരാതിയിൽ സംസ്ഥാന നേതൃത്വവുമായി ഉടക്കിയ ശോഭാ സുരേന്ദ്രൻ ഒടുവില്‍ അയയുന്നു. കേന്ദ്രനേതൃത്വത്തെ നിരവധി തവണ സമീപിച്ച ശോഭയുടെ പ്രശ്നത്തിൽ ആർഎസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നല്‍കാതെ അവഗണിക്കുകയായിരുന്നു.

ഒടുവിൽ ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ നിർദ്ദേശപ്രകാരമാണ് ശോഭ ദില്ലിയിലെത്തി നിർമ്മല സീതാരാമനും സംഘടനാ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും കൂടിക്കാഴ്ച നടത്തിയത്. തഴയപ്പെട്ടവർക്ക് കേന്ദ്രം ഇടപെട്ടുള്ള പരിഗണന നൽകുമെന്നാണ് ഉറപ്പ്. സംസ്ഥാനത്ത് മൂന്ന്, നാല് തീയ്യതികളിലെത്തുന്ന നദ്ദ സംസ്ഥാന ഘടകവുമായി പ്രശ്നം സംസാരിക്കും. 

നിർണ്ണായകമായ തെരഞ്ഞെപ്പിൽ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിർത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിൻറെ നിലപാട്. നിലവിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ശോഭയുടെ പേരില്ല. പക്ഷെ ഇനി സാഹചര്യം മാറാനിടയുണ്ട്. ഏറെനാളായി പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ശോഭ നദ്ദയുടെ പരിപാടിയിലൂടെ സജീവമാകാനും സാധ്യതയുണ്ട്.