ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ?; പുകയുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം

single-img
30 January 2021

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് അവാർഡ് നൽകിയതിൽ ഗുരുതരമായ അപാകതയുണ്ടെന്ന വിവാദം പുകയുകയാണ്. ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോകോളിന്റെ പേരിൽ പുരസ്‌കാരം മുഖ്യമന്ത്രി നൽകാതെ മേശപ്പുറതത് വച്ചതാണ് വിവാദത്തിന് കാരണം.

സര്‍ക്കാര്‍ നടപടിയെ വിമർശിച്ച് നിർമ്മാതാവ് സുരേഷ് കുമാർ അടക്കം നിരവധി പേർ രംഗത്തെത്തുകയും ചെയ‌്തു. ഇപ്പോള്‍ ഒടുവിലായി വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി എന്ന് ഹരീഷ് ഫേസ്ബുക്കിൽ എഴുതി.

പോസ്‌റ്റിന്റെ പൂർണരൂപം വായിക്കാം:

‘കൊവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ വയ്യ. സിനിമാ അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി. കൊവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കിൽ യുക്തിരഹിതമാണ്. ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസർ ഉപയോഗിച്ചാൽ തീരാത്ത പ്രശ്നമാണോ ഇത്? കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ. പിന്നെ ആരാണീ ഉപദേശം സർക്കാരിന് നൽകിയത്?

പൊതുസ്ഥലത്ത് വ്യക്തികൾ 6 അടി വിട്ടുമാത്രമേ നിൽക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. പിന്നെന്തിനായിരുന്നു ഈ പ്രഹസനം?

ബഹുമാനക്കുറവ് കാട്ടിയെന്നോ ഒന്നുമല്ല, വാങ്ങിയവർ എന്നും മനസിൽ സൂക്ഷിക്കുന്ന മുഹൂർത്തം ഇങ്ങനെ അല്ലാതാക്കമായിരുന്നു എന്നു മാത്രം. ഇത് ഒഴിവാക്കാമായിരുന്നു. ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ?