ലീഗിന് കൂടുതല്‍ സീറ്റ് നൽകി; പുലിവാൽ പിടിച്ച് കോൺഗ്രസ്സ്; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് മറ്റു ഘടകകക്ഷികളും

single-img
28 January 2021

ലീഗിന് കൂടുതല്‍ സീറ്റുകള്‍ നൽകുന്നത് പരിഗണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ധാരണയായതോടെ യുഡിഎഫില്‍ സീറ്റ് തര്‍ക്കം മുറുകുന്നു. കോണ്‍ഗ്രസിൽ സമ്മര്‍ദ്ദം ചെലുത്തി കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു കൊണ്ട് മറ്റ് ഘടകകക്ഷികള്‍ കൂടി രംഗത്ത് വന്നിരിക്കുകയാണ്.

പ്രധാന ഘടകകക്ഷികളില്‍ പെടുന്ന ആര്‍എസ്പിയും സിഎംപിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും നിലവില്‍ കിട്ടുന്നതിനേക്കാര്‍ രണ്ടും മൂന്നും സീറ്റുകള്‍ കൂടുതല്‍ ചോദിച്ചിരിക്കുകയാണ്. മൂന്ന് സീറ്റുകള്‍ ലീഗിന് കൂടുതലായി അനുവദിക്കാനുള്ള തീരുമാനമാണ് മറ്റ് കക്ഷികള്‍ക്കും വിലപേശലിന് അവസരം ഒരുക്കിയിരിക്കുന്നത്.

സീറ്റ് വിഭജനത്തില്‍ മുസ്ലീംലീഗ് ഒഴികെയുള്ള ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. ഇപ്പോള്‍ അഞ്ചു സീറ്റില്‍ മത്സരിക്കുന്ന ആര്‍എസ്പി ആലപ്പുഴയിലും കൊല്ലത്തും ഓരോ സീറ്റുകള്‍ കൂടി ചോദിച്ചു.

കഴിഞ്ഞതവണ ആര്‍.എസ്.പി. അഞ്ചിടത്താണു മത്സരിച്ചത്. ഇക്കുറി ഏഴ് സീറ്റാണ് അവരുടെ ആവശ്യം. കഴിഞ്ഞതവണ തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നല്‍കിയതൊഴിച്ചാല്‍, കൊല്ലത്തിനു പുറത്ത് പൂര്‍ണമായി അവഗണിച്ചെന്നാണ് ആര്‍.എസ്.പിയുടെ പരാതി. ആലപ്പുഴ ജില്ലയിലും മലബാറിലും ഓരോ സീറ്റാണ് അധികമായി ആവശ്യപ്പെടുന്നത്. അതു കോണ്‍ഗ്രസ് അംഗീകരിക്കാനിടയില്ല.

കുന്നംകുളത്ത് മാത്രം മത്സരിച്ചിരുന്ന സിഎംപിയ്ക്കും പരാതിയുണ്ട്്. നേരത്തേ മത്സരിച്ച നാട്ടികയ്ക്കും നെന്മാറയ്ക്കും വേണ്ടി രംഗത്തുണ്ട്. കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗവും മൂന്ന് സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. നേരത്തേ മുസഌംലീഗാണ് ഇത്തവണ കൂടുതല്‍ സീറ്റിന് വേണ്ടി ആദ്യം അവകാശവാദം ഉന്നയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരില്‍ മുമ്പ് മത്സരിച്ച 24 സീറ്റിന്റെ സ്ഥാനത്ത് 30 സീറ്റുകള്‍ വേണമെന്ന ലീഗിന്റെ ആവശ്യം പക്ഷേ മൂന്ന് സീറ്റുകള്‍ അധികം നല്‍കാമെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് തടയിട്ടത്.

തങ്ങളുടെ മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം ലീഗിന് നല്‍കിയ കോണ്‍ഗ്രസ് ഒരെണ്ണത്തില്‍ സ്വതന്ത്രന് ലീഗും കോണ്‍ഗ്രസും ഒരുമിച്ച് പിന്തുണ നല്‍കാമെന്ന ധാരണയാണ് നല്‍കിയത്. കൂത്തുപറമ്പ്,ചേലക്കര,പേരാമ്പ്ര എന്നിവയാണ് മുസ്ലീംലീഗിന് അധികമായി കിട്ടിയേക്കാവുന്ന സീറ്റുകള്‍. ഇതില്‍. കൂത്തുപറമ്പ്,ചേലക്കര,പേരാമ്പ്ര എന്നിവയാണ് മുസ്ലീംലീഗിന് അധികമായി കിട്ടിയേക്കാവുന്ന സീറ്റുകള്‍.

ലീഗിന് കൂടുതല്‍ സീറ്റ് നല്‍കാനുള്ള ധാരണയെ ചോദ്യം ചെയ്തു കൊണ്ട് ഉടന്‍ തന്നെ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും എത്തി. ഇത്തവണ 15 സീറ്റാണ് ജോസഫ് ചോദിക്കുന്നത്. 12 സീറ്റില്‍ കുറയ്ക്കാനാകില്ലെന്ന നിലപാട് ജോസഫ് വിഭാഗം എടുത്തിട്ടുണ്ട്.

ജോസ് കെ. മാണി മറുപക്ഷത്തേക്ക് മാറിയതോടെ കഴിഞ്ഞതവണ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച 15 സീറ്റും വേണമെന്നു ജോസഫ് പക്ഷം ആവശ്യപ്പെടുന്നു. മുസ്ലിം ലീഗിനു കൂടുതല്‍ സീറ്റ് നല്‍കുകയും തങ്ങളില്‍ നിന്നു സീറ്റ് ഏറ്റെടുക്കുകയും ചെയ്യുന്നതു നീതിനിഷേധമാണെന്ന നിലപാടിലാണു ജോസഫ് പക്ഷം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍.

ജോസ് മുന്നണി വിട്ടതോടെ ഒഴിവുവന്ന കോട്ടയത്തെ സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ ഒട്ടേറെ നേതാക്കള്‍ കാത്തുനില്‍ക്കുകയാണ്. കണ്ണൂരിലെ ഇരിക്കൂറില്‍നിന്നു കളം മാറ്റിച്ചവിട്ടുന്ന കെ.സി. ജോസഫും അവരില്‍ ഉള്‍പ്പെടുന്നു.

ഇന്ന് ഉച്ചകഴിഞ്ഞാണു ജോസഫ് പക്ഷവും കോണ്‍ഗ്രസുമായുള്ള ചര്‍ച്ച. കുട്ടനാട് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണുവച്ചിട്ടുണ്ടെങ്കിലും അതു ജോസഫ് പക്ഷത്തിനുതന്നെ നല്‍കാനാണു സാധ്യത.

കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളാണു തര്‍ക്കത്തില്‍. കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിട്ട് ജോണി നെല്ലൂര്‍കൂടി തങ്ങള്‍ക്കൊപ്പം വന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ സീറ്റും ജോസഫ് ആവശ്യപ്പെടുന്നു. പകരം മലബാറിലെ മൂന്ന് സീറ്റുകളില്‍ വിട്ടുവീഴ്ചയാകാം.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് തോറ്റ തിരുവമ്പാടി ഏറ്റെടുക്കാന്‍ ജോസഫ് പക്ഷം തയാറാണ്. എല്‍.ജെ.ഡിയും ജോസ് പക്ഷവും യു.ഡി.എഫ്. വിട്ടതോടെ 15 സീറ്റ് അധികമുണ്ടെന്നാണു ഘടകകക്ഷികളുടെ വാദം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ലീഗും അക്കാര്യം ചൂണ്ടിക്കാട്ടി.