കോര്‍പറേറ്റ് നികുതി കേസ്: ഇന്ത്യന്‍ സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കണ്ടുകെട്ടുമെന്ന് ബ്രിട്ടീഷ് കമ്പനി

single-img
28 January 2021

ഇന്ത്യന്‍ സര്‍ക്കാരിന്റെ പേരിലുള്ള ആസ്തികള്‍ കണ്ടുകെട്ടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനി. വളരെ കാലമായി നീണ്ടുനില്‍ക്കുന്ന കോര്‍പറേറ്റ് നികുതി കേസില്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി ബ്രിട്ടീഷ് അനുകൂലമായതിന് പിന്നാലെയാണ് നീക്കം. ബ്രിട്ടീഷ് ഊര്‍ജ കമ്പനിയായ കൈണ്‍ എനര്‍ജിക്ക് 1.2 ബില്യണ്‍ ഡോളര്‍ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കണമെന്ന് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കഴിഞ്ഞ മാസം വിധിച്ചിരുന്നു.

ട്രൈബ്യൂണല്‍ വിധി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് കമ്പനിയുടെ നിലപാട്. ആദായ നികുതി വകുപ്പ്, ബ്രീട്ടിഷ് കമ്പനിയുടെ ഇന്ത്യയിലെ ഉപകമ്പനിയുടെ പത്ത് ശതമാനം ഓഹരികള്‍ കണ്ടുകെട്ടിയതിനെതിരെയായിരുന്നു കേസ്. 2014 ലെ ഇന്ത്യ-യു.കെ ഉഭയകക്ഷി നിക്ഷേപ കരാര്‍ ഇന്ത്യ ലംഘിച്ചുവെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര ട്രൈബ്യൂണലാണ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

582 പേജുള്ള വിധിന്യായത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും വിധി അനുസരിക്കുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് കമ്പനിയുടെ നീക്കം. അതേസമയം, എപ്പോഴാണ് സ്വത്ത് പിടിച്ചെടുക്കേണ്ടതെന്നോ പിടിച്ചെടുക്കുന്ന സ്വത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ പോലുള്ളവ ഉള്‍പ്പെടുത്തുമോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല.