അമ്മ ആനയുടെ ജഡത്തിന് മുന്നില്‍ കാത്തിരുന്ന കുട്ടിയാന; കാട്ടാന ചെരിഞ്ഞതിൽ അറസ്റ്റ്

single-img
27 January 2021

ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്ന

കല്ലാറിനടുത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന പുരയിടത്തില്‍ ശനിയാഴ്ച കണ്ട കാഴ്ച പെട്ടെന്നൊന്നും മനസില്‍ നിന്ന് മായില്ല. അമ്മയാനയുടെ ജഡത്തിന് ചുറ്റും സങ്കടത്തോടെ നടക്കുന്ന കുട്ടിയാന. ഇടയ്ക്കിടെ അമ്മയെ എഴുന്നേല്‍പിക്കാനുള്ള ശ്രമം. ജ‍ഡത്തിന് അടുത്തേക്ക് ആരെയും അടുപ്പിക്കാന്‍ തയാറാകാത്ത കുട്ടിയാനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കോട്ടൂര്‍ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. ആനയുടെ ജഡം കണ്ടെത്തിയ പുരയിടത്തിന്റെ ഉടമ രാജേഷ് ആണ് അറസ്റ്റിലായത്. ചെരിഞ്ഞ ആനയുടെ ജഡത്തിന് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്ന കുട്ടിയാന നൊമ്പരക്കാഴ്ചയായിരുന്നു. 

വിഷപദാര്‍ഥങ്ങള്‍ ഉള്ളില്‍ ചെന്നാകാം അപകടമുണ്ടായതെങ്കില്‍ കുട്ടിയാനയ്ക്കും സംഭവിക്കുമായിരുന്നു. ഇതോടെയാണ് വൈദ്യുതാഘാതമാണെന്ന് സംശയം ഉയര്‍ന്നത്. സംഭവം ഉണ്ടായതിന് പിന്നാലെ പുരയിടത്തിന്റ ഉടമ സ്ഥലത്ത് നിന്ന് മുങ്ങി. മൊബൈലും സ്വിച്ച് ഒാഫ് ആക്കി. ഞായറാഴ്ച വൈകിട്ട് ഫോണില്‍ കിട്ടിയെങ്കിലും വനം ഉദ്യോഗസ്ഥരാണെന്ന് മനസിലായതോടെ ഫോണ്‍ കട്ട് ചെയ്തു. കര്‍ശന താക്കീത് നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജേഷ് ഹാജരായി.

പുരയിടത്തിലിറങ്ങുന്ന ആനയെ തുരത്താന്‍ റബര്‍ഷീറ്റ് ഉണക്കുന്ന കമ്പിയില്‍ വൈദ്യുതി കടത്തി വിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. ഇതില്‍ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റത്. കമ്പിയില്‍  തൊടാനുള്ള ഉയരമില്ലാത്തതിനാലാണ് കുട്ടിയാന അപകടത്തില്‍പെടാതിരുന്നത്. ആന ചെരിഞ്ഞുവെന്ന് കണ്ട രാജേഷ് പുലര്‍ച്ചയെത്തി കമ്പിയിലേക്കുള്ള കണക്ഷനുകള്‍ നീക്കിയതായും കണ്ടെത്തി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് രാജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.