മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ തോക്കുചൂണ്ടി കവർച്ച; ഏഴുകോടി രൂപയുടെ സ്വർണം കവർന്നു

single-img
22 January 2021

മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് രാവിലെ 10ന് ശാഖ തുറന്ന് 15 മിനിറ്റിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ 6 അംഗ സംഘം മാനേജറേയും 4 ജീവനക്കാരെയും  തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു കവർച്ച. 7 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു എന്നാണു വിവരം.

ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. 96,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തൂറ്റിന്റെ കൃഷ്ണഗിരി ശാഖയിൽ ഒരു മാസം മുൻപ് കവർച്ചാ ശ്രമം നടന്നിരുന്നു. സിസിടിവി പരിശോധിച്ച് കൃഷ്ണഗിരി എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം  ഊർജിതമാക്കിയിട്ടുണ്ട്.

കൃഷ്ണ​ഗിരിയിലെ ഹൊസൂരിൽ നിന്ന് ബെ​ഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാ​ഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. കവർച്ചയ്ക്കുശേഷം വാഹനത്തിൽ ബം​ഗളൂരു ഭാ​ഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.