കണ്ടോണ്ട് നിക്കുന്നവരല്ല, പണിത എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്: ജി സുധാകരന്‍

single-img
7 January 2021

എറണാകുളം ജില്ലയിലെ വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയാണ്. ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണം.

പാലാരിവട്ടം പാലം പണിതപ്പോള്‍ ഉള്ള അഴിമതിക്ക് പിന്നിൽ ഉള്ള അതേ ഗ്യാംഗാണ് ഈ സംഭവത്തിനും പിന്നിൽ. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വീഴ്ത്തിയതാണ്. എറണാകുളത്ത് ഒരു പ്രൊഫഷണൽ ക്രിമിനൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ”കണ്ടോണ്ട് നിക്കുന്നവരല്ല, പാലം പണിത എഞ്ചിനീയർമാരാണ് എപ്പോൾ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്.

അങ്ങിനെയല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവർക്ക് ആർക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനൽ കുറ്റമാണിത്”, ജി സുധാകരൻ പറഞ്ഞു.

പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാൻ ചെയ്യുന്ന ഒരു പ്രൊഫഷണൽ ക്രിമിനൽ സംഘമുണ്ടിവിടെ. ഞാനിത് നേരത്തേയും പറഞ്ഞതാണ്. ആവർത്തിക്കുന്നു . പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകുന്നത്.

അവിടെ പണി കഴിഞ്ഞിട്ട് ഒരു മാസമായി. ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി ഇങ്ങോട്ട് അറിയിച്ചതാണ്. ഉപരിതല, റോഡ്, ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് മുഖാന്തരം പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുകയാണ്. ഇതുവരെ പ്രധാനമന്ത്രി ഒരു തീയതി നൽകിയിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു.