പാകിസ്താനിൽ ഹിന്ദു ക്ഷേത്രം തകർത്ത് തീവച്ചു; 26 പേർ അറസ്റ്റിൽ

single-img
31 December 2020
pakistan temple demolished

പാകിസ്താനി(Pakistan)ൽ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലുള്ള അക്രമാസക്തരായ ജനക്കൂട്ടം ഹിന്ദുക്ഷേത്രം തകർത്ത് തീവച്ചു. ഖൈബർ പഖ്തുൻഖ്വ(Khyber Pakhtunkhwa) പ്രവിശ്യയിലെ ഒരു ക്ഷേത്രത്തിന് നേരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 26 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചില മുസ്ലീം പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം ക്ഷേത്രത്തിലേയ്ക്ക് ഇരച്ച് കയറി ആക്രമണം നടത്തിയതെന്ന് പാകിസ്താനി മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു. കരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രം പരമഹംസജി എന്ന സന്യാസിയുടെ സമാധിസ്ഥലമാണ്. ഇതിനോട് ചേർന്ന് തന്നെ ഒരു കൃഷ്ണക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിൽ നിർമാണ പ്രവൃത്തികൾ നടത്താൻ ഹിന്ദുക്കൾ തീരുമാനിച്ചതാണ് തീവ്ര ഇസ്ലാമിക സംഘടനകളെ പ്രകോപിപ്പിച്ചത്.

ജാമിയത് ഉലെമ ഇ ഇസ്ലാം പാർട്ടി(Jamiat Ulema-e-Islam party) എന്ന തീവ്ര ഇസ്ലാമിക സംഘടനയുടെ കേന്ദ്ര നേതാവടക്കമുള്ളവരാണ് അറസ്റ്റിലായതെന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ റഹ്മത്തുള്ള ഖാൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ക്ഷേത്രത്തിന്റെ പുതിയ നിർമ്മാണ പ്രവൃത്തികളോടൊപ്പം പഴയ കെട്ടിടങ്ങളും പൊളിച്ചതിന് നേതൃത്വം നൽകിയത് ഈ സംഘടനയാണ്.

ക്ഷേത്രം തകർത്ത സംഭവം അപലപനീയമാണെന്ന് പാകിസ്താനിലെ മനുഷ്യാവകാശകാര്യ ഫെഡറൽ പാർലമെന്ററി സെക്രട്ടറി(Federal Parliamentary Secretary for Human Rights) ലാൽ ചന്ദ് മാൽഹി(Lal Chand Malhi) പറഞ്ഞു. ഇത്തരം സാമൂഹികവിരുദ്ധ പ്രവൃത്തികളിലൂടെ ചില സംഘങ്ങൾ പാകിസ്താനെ അപകീർത്തിപ്പെടുത്തുകയാണെന്നും ഇത്തരം സംഭവങ്ങൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്നും മാൽഹി പറഞ്ഞു.

ക്ഷേത്രം തകർത്ത സംഭവം നിർഭാഗ്യകരമാണെന്ന് ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ(Mahmood Khan) പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്നും മഹ്മൂദ് ഖാൻ അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ നിന്നും ആരാധനാലയങ്ങളെ സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Content: Mob attacks and sets fire to Hindu temple in Pakistan; 26 arrested