ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തി; മലയാളിക്ക് ഒരു ലക്ഷം കനേഡിയൻ ഡോളറിന്റെ രാജ്യാന്തര ഫെലോഷിപ്

single-img
29 December 2020

ഭൂഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രവചനത്തിന് തെളിവ് കണ്ടെത്തിയ ‘ലിഗോ’ ശാസ്ത്രസംഘത്തിൽ അംഗമായ മലയാളിക്ക് 50 ലക്ഷം രൂപയുടെ രാജ്യാന്തര ഫെലോഷിപ്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയായ ഡോ. അജിത്ത് പരമേശ്വരന് ഒരു ലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 50 ലക്ഷം രൂപ) സിഫാർ–അസ്രയേലി ഗ്ലോബൽ സ്കോളർ ഫെലോഷിപ്പാണു ലഭിച്ചത്.

നിലവിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ കീഴിൽ ബെംഗളൂരുവിലുള്ള ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസിൽ (ഐസിടിഎസ്–ടിഐഎഫ്ആർ) അസോഷ്യേറ്റ് പ്രഫസറാണ് അജിത്ത് പരമേശ്വരൻ. രണ്ടു വർഷമാണ് ഫെലോഷിപ് കാലാവധി. ഇതോടൊപ്പം നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ വിഖ്യാത ശാസ്ത്രജ്ഞരടങ്ങുന്ന ഗവേഷകസംഘത്തിൽ പങ്കാളിയാകാനും അദ്ദേഹത്തിന് അവസരം ഒരുങ്ങും.

അജിത് ഉൾപ്പെടുന്ന ലിഗോ സംഘം 2016ലായിരുന്നു ആദ്യമായി ഗുരുത്വതരംഗം സ്ഥിരീകരിച്ചത്. ഭൂമിയിൽ നിന്നും130 കോടി പ്രകാശവർഷങ്ങൾ അകലെയുള്ള രണ്ടു തമോഗർത്തങ്ങൾ കൂട്ടിയിടിച്ചതുമൂലമുണ്ടായ ഗുരുത്വതരംഗമാണ് അന്നു കണ്ടെത്തിയത്. ഈ പുതിയ കണ്ടെത്തലോടെ പ്രപഞ്ചോൽപത്തി മുതലുള്ള നിഗൂഢമായ അറിവുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ സംഘം.