ജപ്തിനടപടിക്കിടെ പൊലീസ് പിന്മാറാനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി നടത്തിയ ഗൃഹനാഥന്‍ മരിച്ചു

single-img
28 December 2020
suicide-attempt-while-evacuating

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പോലീസിനും മുന്നില്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് മരിച്ചത്.

ഈ മാസം 22ന് ആണ് ദാരുണമായ സംഭവം ഉണ്ടായത്. രാജന്‍ തന്റെ വസ്തു കൈയേറിയെന്ന് കാണിച്ച് ജനുവരി മാസത്തില്‍ സമീപവാസിയായ വസന്ത പരാതിയുമായി നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതിയെ സമീപിച്ചിരുന്നു. കൈയ്യേറ്റം നടത്തിയ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍, കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍ കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കി. തന്റെ സ്ഥലത്താണ് കുടില്‍കെട്ടിയതെന്നാണ് രാജന്റെ വാദം. ഇതിനെതിരേ വസന്ത വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഭിഭാഷക കമ്മിഷനെ നിയമിച്ചു.

രണ്ടുമാസം മുന്‍പ് കമ്മിഷന്റെ നേതൃത്വത്തില്‍ കുടില്‍ ഒഴിപ്പിക്കാന്‍ എത്തിയെങ്കിലും രാജന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടന്നില്ല. കൈയേറി കെട്ടിയ കുടില്‍ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാനായി കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെ അഭിഭാഷക കമ്മിഷനും പോലീസും സ്ഥലത്തെത്തുകയായിരുന്നു. വീട് ഒഴിയാന്‍ ആവശ്യപ്പെടുന്നതിനിടെ രാജന്‍ വീടിനകത്തു കയറി കന്നാസില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിക്കുകയായിരുന്നു.

സംഭവസമയത്ത് പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഗ്രേഡ് എസ്‌ഐ അനില്‍കുമാറിനും സാരമായി പൊള്ളലേറ്റു. ജീവനൊടുക്കാന്‍ ശ്രമിച്ച രാജനും ഭാര്യ അമ്പിളിയും ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70%ത്തോളം പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ഗുരുതരപൊള്ളലേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാജന്റെ മക്കളാണ് സാമൂഹികമാധ്യമത്തിലൂടെ പോലീസിനുനേരെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.

അതേസമയം, തങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് ഒഴിപ്പിക്കാനായി പോലീസ് എത്തിയതെന്നും അരമണിക്കൂര്‍ സമയം തരണമെന്ന് ചോദിച്ചിട്ട് അനുവദിക്കാതെ ഉടന്‍ ഇറങ്ങാന്‍ പോലീസ് ആക്രോശിച്ചെന്നും രാജന്റെ മകന്‍ രഞ്ജിത് പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ഥിയാണ് രഞ്ജിത്.