സഭാ തര്‍ക്കം; വിട്ടുവീഴ്ചകളോടു കൂടിയ സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കണം: പ്രധാനമന്ത്രി

single-img
28 December 2020

കേരളത്തില്‍ നിലനില്‍ക്കുന്ന സഭാതര്‍ക്കത്തില്‍ വിട്ടുവീഴ്ചകളോടു കൂടിയ സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സംസ്ഥാനത്ത് നിന്നുള്ള മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം.

അതേസമയം, മലങ്കരസഭാ തര്‍ക്കം സംബന്ധിച്ച എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഇന്നത്തെ തുടര്‍ച്ചയായി നാളെ യാക്കോബായ പ്രതിനിധികളുമായ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഓര്‍ത്തഡോക്സ് നേതൃത്വത്തെ ആദ്യം കേട്ടത്. അതിനു ശേഷം മിസോറാം ഗവര്‍ണര്‍ക്ക് ഒപ്പം ഒര്‍ത്തഡോക്സ് സംഘം പ്രധാനമന്ത്രിയെ നേരില്‍ കണ്ടു. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഈ കൂടിക്കാഴ്ച. ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത, ഡല്‍ഹി ഭദ്രാസന മെത്രോപ്പോലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.