വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല; മൂന്ന് മാസത്തിനകം എല്ലാം അവസാനിപ്പിക്കും; അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നു

single-img
26 December 2020

പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഭാര്യ ഹരിതയും കൊല്ലപ്പെട്ട അനീഷിന്‍റെ അച്ഛൻ ആറുമുഖനും. ഹിതയുടെ അമ്മാവൻ സുരേഷ് സ്ഥിരമായി വീട്ടിലെത്തി ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും ഫോൺ പിടിച്ചുവാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

”എനിക്ക് എട്ട് മക്കളാ. മൂത്തവനാ ഇവൻ. കുട്ടിയുടെ അമ്മാവൻ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു. ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവൻ പറഞ്ഞത്. അത് നടത്തി”, തൊണ്ടയിടറി അനീഷിന്‍റെ അച്ഛൻ ആറുമുഖൻ.

”കല്യാണം കഴിഞ്ഞ് കൃത്യം മൂന്ന് മാസം തികയുന്ന ദിവസമായിരുന്നു ഇന്നലെ. അന്നാണിത് ചെയ്തത്. സ്പ്ലെൻഡർ ബൈക്കിലാണ് അവർ വന്നത്. വണ്ടി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു”, എന്ന് അനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ദൃക്സാക്ഷിയുമായ അരുൺ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. മൂന്ന്​ മാസം മുമ്പാണ്​ സ്​കൂൾ കാലം തൊട്ട്​ പ്രണയിച്ച ഹരിതയും അനീഷും തമ്മിലുള്ള​ രജിസ്റ്റർ വിവാഹം നടന്നത്​. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. ഹരിതയുടെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഒന്നര മാസമായി അനീഷ് ഒളിച്ച് താമസിക്കുകയായിരുന്നു.പാലക്കാട് ജില്ലാ ആശുപത്രിയിലാണ് അനീഷിന്‍റെ മൃതദേഹമുള്ളത്. ഇന്ന് പോസ്റ്റ്‍മോർട്ടം നടക്കും.

വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയിൽ പോയത്. കടയിൽ നിന്ന് ബൈക്കിൽ തിരിച്ചു വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ്​ സ്​കൂളിന്​ സമീപത്തുവെച്ചാണ് അനീഷിനെ നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയിൽ തള്ളിയ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. എന്നാൽ, ഗുരുതര പരിക്കേറ്റ അനീഷിനെ രക്ഷിക്കാനായില്ല.

വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നും മൂന്ന് മാസത്തിനകം എല്ലാം അവസാനിപ്പിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മൂന്നു മാസം മാത്രമേ മഞ്ഞച്ചരടിന് മൂല്യമുണ്ടാവൂ എന്ന് പിതാവ് പ്രഭുകുമാർ ഹരിതയെ ഭീഷണിപ്പെടുത്തുക ഉണ്ടായി. ഇതേതുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും അനീഷിന്‍റെ അച്ഛൻ പറയുന്നു.

തെരഞ്ഞെടുപ്പിന്‍റെ തിരക്കുകളാണെന്ന് പറഞ്ഞാണ് സ്ഥലം എസ്ഐ പരാതിയിൽ നടപടികളെടുക്കാതിരുന്നതെന്ന് ആറുമുഖൻ പറയുന്നു. സുരേഷ് സംസാരിച്ചത് റെക്കോഡ് ചെയ്യാൻ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോൺ പിടിച്ചുവാങ്ങിയതെന്ന് ഹരിതയും പറയുന്നു. അനീഷിന്‍റെ അമ്മയുൾപ്പടെയുള്ളവർ എഴുന്നേൽക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത സ്ഥിതിയിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം കാത്തിരുന്ന് പക വീട്ടിയ സംഭവത്തിന്‍റെ ഞെട്ടലിലാണ് തേങ്കുറുശ്ശി ഗ്രാമവും.

അതേ സമയം സംഭവത്തിൽ ഹരിതയുടെ പിതാവ് കുഴൽമന്ദം സ്വദേശി പ്രഭുകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. അമ്മാവൻ സുരേഷിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. എലമന്ദം സ്വദേശി അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.