ലോക്കഡൗൺ കാല പ്രവർത്തനം; വയനാട് എം പി രാഹുൽ ഗാന്ധി രാജ്യത്തെ എം പിമാരിൽ മൂന്നാം സ്ഥാനത്ത്; ഗവേണ്‍ഐ സർവ്വേ

single-img
24 December 2020

കോവിഡ് ലോക്ഡൗൺ സമയത്ത് ജനങ്ങൾക്ക് സഹായം ചെയ്ത രാജ്യത്തെ എംപിമാരുടെ പട്ടികയിൽ വയനാട് എംപി രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്ത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ നടത്തിയ സര്‍വേ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ലോക്ഡൗൺ സമയത്ത് നിയോജക മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും ജനങ്ങൾക്കൊപ്പം നില്‍ക്കുകയും ചെയ്ത എംപിമാരെ കണ്ടെത്താനായിരുന്നു സർവേ. ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മികച്ച പത്ത് എം.പിമാരെ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങള്‍ തന്നെ നിര്‍ദേശിച്ച 25 ലോക്‌സഭാ എം.പിമാരുടെ പട്ടികയില്‍ നിന്നാണ് മികച്ച പത്ത് പേരെ കണ്ടെത്തിയത്.

കൊവിഡ് പ്രതിസന്ധിയില്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങൾ, കോവിഡ് പ്രതിരോധ കിറ്റുകൾ അടക്കം സ്വന്തം ചെലവിൽ രാഹുൽ വയനാട്ടിൽ എത്തിച്ചിരുന്നു. ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു എന്ന് ഗവേണ്‍ഐ വിലയിരുത്തി.

ബി.ജെ.പിയുടെ എം.പി അനില്‍ ഫിറോജിയ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി അദ്‌ല പ്രഭാകര റെഡ്ഡി എന്നിവരാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മഹുവ മൊയ്ത്ര, തേജസ്വി സൂര്യ, ഹേമന്ദ് ഗോഡ്‌സെ, സുഖ്ബീര്‍ സിങ്ങ് ബാദല്‍, ശങ്കര്‍ ലാല്‍വനി, നിതിന്‍ ജയറാം ഗഡ്കരി എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് എംപിമാരാണ്.