2014-ൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് പിടികൂടിയത് നിരപരാധിയെ; ആറ് വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ പ്രതി പിടിയില്‍

single-img
21 December 2020

2014-ൽ കൊല്ലം അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണക്കേസിലെ യഥാർഥ പ്രതി ആറുവർഷത്തിനുശേഷം പോലീസ് പിടിയിൽ. ഇതോടെ അന്ന് മോഷണത്തിന് നിരപരാധിയെ അറസ്റ്റുചെയ്ത് പോലീസ് പീഡിപ്പിച്ച സംഭവം പുറത്ത്. അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷിനെ(35)യാണ് മോഷണക്കുറ്റം ആരോപിച്ച് അന്ന് പോലീസ് പിടികൂടിയത്‌. പോലീസ് കസ്റ്റഡിയിലും 45 ദിവസം ജയിലിലും കഴിഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓർമകളിലാണിന്നും ഈ യുവാവ്.

തിരൂർ പോലീസ് മോഷണത്തിന് തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ്‌ അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടർന്ന്‌ ദാസനെ അഞ്ചൽ പോലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയ രീതിയും മെഡിക്കൽ സ്റ്റോറിൽ കയറിയ വഴിയും പ്രതി പോലീസിന്‌ പറഞ്ഞുകൊടുത്തു. ദാസനെ കഴിഞ്ഞദിവസം അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു.

അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ 2014 സെപ്തംബർ 21-നാണ്‌ മോഷണം നടന്നത്‌. ഈ കേസിലെ പ്രതിയെന്ന്‌ ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചൽ പോലീസ് പിടികൂടിയത്‌. മോഷണം നടന്ന് മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്. പോലീസ് ക്രൂരമായി മർദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു. റിമാൻഡിലായി 45 ദിവസം ജയിലിൽ കിടന്നു. പിന്നീട് ബന്ധുക്കൾ കോടതിയെ സമീപിച്ചു. നുണപരിശോധനയിലും തെളിവുകൾ കണ്ടെത്താൻ പോലീസിന്‌ കഴിഞ്ഞില്ല. ഇതോടെയാണ് ജയിൽമോചിതനായത്‌. ഓട്ടോറിക്ഷയുടെ ആർ.സി.ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പോലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.

അറസ്റ്റിലായതിന്റെ അപമാനത്തിൽനിന്ന്‌ ഇതുവരെ മോചിതരായിട്ടിെല്ലന്ന്‌ രതീഷും കുടുംബവും പറയുന്നു. ഓടിക്കാൻ കഴിയാതെ, രതീഷിന്റെ ഓട്ടോറിക്ഷ വീട്ടിൽക്കിടന്ന് നശിക്കുകയാണ്. അഞ്ചൽ പോലീസിനെതിരേ പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ 29-ന് വാദം കേൾക്കാനിരിക്കെയാണ് കേസിലെ യഥാർഥ പ്രതി പിടിയിലായത്.

Content : Accused arrested after six years in theft case