പരമ ശിവനെ കാണാന്‍ സൗകര്യം; കൈലാസ രാജ്യത്തേക്ക് ഒരു ലക്ഷം പേർക്ക് ‘വിസ’ പ്രഖ്യാപിച്ച് നിത്യാനന്ദ

single-img
19 December 2020

കൈലാസ എന്ന പേരിൽ സ്വന്തമായി അമേരിക്കയിലെ ദ്വീപ സമൂഹങ്ങളിൽ എന്ന രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിവാദ ആൾദൈവം നിത്യാനന്ദ കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിൽ നിരവധി ബലാൽസംഗ കേസിൽ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയിൽ എവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയിൽ താമസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് നിത്യാനന്ദ പ്രഖ്യാപിച്ചു.

താൻ സ്ഥാപിച്ച ‘കൈലാസ’യിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു വിമാനത്തിൽ സന്ദർശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തിൽ കൂടുതൽ സന്ദർശകരെ ‘കൈലാസ’യിൽ താമസിക്കാൻ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. ‘ദ്വീപ് രാഷ്ട്ര’ത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകർക്ക് “പരമ ശിവനെ” കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.