കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ: നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി

single-img
29 November 2020

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയനാണ് എന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ നടന്‍ മണികണ്ഠന്‍ ആര്‍ ആചാരി. ഇടതുപക്ഷ പ്രസ്ഥാനം ഇതേ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ മരണം വരെ അനുഭാവിയായി തുടരും. പ്രസ്ഥാനം മാറിയാല്‍ താനും മാറുമെന്നും റിപ്പോർട്ടർ ടിവിയിൽ തദ്ദേശതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സിനിമാപ്രവര്‍ത്തകരുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണത്തില്‍ സന്തോഷവാനാണ്. ഒരുപാട് വിമര്‍ശനങ്ങളുണ്ടെങ്കിലും ഒരുപാട് വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അത് സംഭവിച്ചു എന്ന് പറയാന്‍ മടി കാണിക്കാത്ത ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണുള്ളതെന്ന് മണികണ്ഠന്‍ പറയുന്നു.

ഈ സർക്കാർ തെറ്റുപറ്റിയാല്‍ തിരുത്താന്‍ തയ്യാറാണ്. നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണത്. ഇതുപോലെ മുന്‍പ് ആരും കണ്ടിട്ടുണ്ടാകില്ല. തെറ്റുകള്‍ അറിഞ്ഞുകൊണ്ട് ചെയ്യുകയും അങ്ങനെയൊരു തെറ്റുണ്ടായിട്ടുണ്ടോ എന്ന് അറിയാത്ത മട്ടില്‍ നടക്കുകയും ചെയ്യുന്ന നേതാക്കന്‍മാരെയാണ് കേരളം ഇതുവരെ കണ്ടിട്ടുള്ളത്.

അതുവെച്ച് നോക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരും നമ്മുടെ മുഖ്യമന്ത്രിയും ഏറെ വ്യത്യസ്തമാണ്. തെറ്റ് തിരുത്താനും ആവര്‍ത്തിക്കാതിരിക്കാനും പരമാവധി ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.