ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവ. സെക്രട്ടറി സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയില്‍

single-img
25 November 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പരിശോധനകള്‍ക്കായാണ് തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ കോവിഡ് മുക്തനായതിനെത്തുടർന്ന് വെള്ളിയാഴ്ച ഹാജരാകാന്‍ സിഎം രവിന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നതിനാൽ ഹാജരാകാൻ കഴിഞ്ഞില്ല. കോവിഡ് നെഗറ്റീവ് ആകുകയും അതിന് ശേഷം ഒരാഴ്ച ക്വാറൻറ്റൈനിൽ പ്രവേശിച്ചതിനും ശേഷമാണ് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്.

കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് പലർക്കും സ്വർണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതും ചോദ്യം ചെയ്യലിൽ വിഷയമാകും. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തന്നെ വിളിച്ചിട്ടുള്ളത് രവീന്ദ്രനാണെന്ന് സ്വപ്നയുടെ മൊഴിയുണ്ട്. ഐടി വകുപ്പില്‍ അടക്കം നടത്തിയ ചില നിയമനങ്ങളില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനും പങ്കുണ്ടെന്ന മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനപ്പെട്ട ആളായാണ് രവീന്ദ്രൻ അറിയപ്പെടുന്നത്. രവീന്ദ്രനെ വർഷങ്ങളായി അറിയുന്നതാണെന്നും പൂർണവിശ്വാസമാണെന്നുമായിരുന്നു പിണറായി വിജയൻ ചോദ്യം ചെയ്യൽ നോട്ടീസിനോട് നേരത്തെ പ്രതികരിച്ചത്. സിപിഎം നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആളാണ് രവീന്ദ്രൻ.

Content : After the ED issued another notice to appear for questioning C.M. Raveendran admitted again in the hospital