മുസ്‌ലിം പ്രാര്‍ത്ഥനാ അപ്ലിക്കേഷന്‍ മുസ്‌ലിം പ്രോയുടെ ഡേറ്റ അമേരിക്കന്‍ മിലിട്ടറിക്ക് ചോര്‍ന്നു

single-img
17 November 2020

ലോകപ്രശസ്തമായ പ്രശസ്ത മുസ്‌ലിം പ്രാര്‍ത്ഥനാ അപ്ലിക്കേഷനായ മുസ്‌ലിം പ്രോയുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിലേക്ക് ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്.അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ മാഗസിനായ മദര്‍ ബോര്‍ഡ് ആണ് ഈ വിവരം വാര്‍ത്തയാക്കിയത്.

മുസ്‌ലിം പ്രോ ആപ്പിലെ ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റാ വിവരങ്ങള്‍ എക്‌സ് മോഡിന് വില്‍ക്കുകയായിരുന്നു. ഇവര്‍ ഈ ഡാറ്റാ വിവരങ്ങള്‍ പിന്നീട് മൂന്നാം കക്ഷി കരാറുകാര്‍ക്ക് വില്‍ക്കുകയും ഇത് പിന്നീട് അമേരിക്കന്‍ മിലിട്ടറി കോണ്‍ട്രാക്ടേര്‍സിന് ലഭിക്കുകയുമായിരുന്നു. ഭീകരവാദ പ്രതിരോധം, പ്രത്യേക രഹാസ്യാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട സൈനിക ശാഖയായ അമേരിക്കന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡ് ഈ മിലിട്ടറി കോണ്‍ട്രാക്‌ടേര്‍സില്‍ നിന്നും ഡാറ്റാ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

മുസ്‌ലിം മതത്തിലെ പ്രാര്‍ത്ഥനാ സമയങ്ങള്‍ കാണിക്കുന്ന ഈ ആപ്പില്‍ ഖുറാനിലെ ഓഡിയോ റെക്കോര്‍ഡുകള്‍ ലഭ്യമാവും. ചില ഖുറാന്‍ സൂക്തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. ലോകമാകെ 200 രാജ്യങ്ങളിലായി 75 മില്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണ് മുസ്‌ലിം പ്രോ ആപ്പ്.

എന്നാല്‍ മദര്‍ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ മുസ്‌ലിം പ്രോ ചീഫ് ആയ സഹരിയ ജുപാരി നിഷേധിക്കുകയാണ് ചെയ്തത്. തങ്ങള്‍ എക്‌സ് മോഡുമായുള്ള എല്ലാ ബന്ധവും മുസ്‌ലിം പ്രോ അവസാനിപ്പിക്കുകയാണെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.