രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല: കപിൽ സിബിൽ

single-img
16 November 2020

ബിജെപിക്കെതിരായ ബദലെന്ന നിലയിലുള്ള പ്രസക്‌തി കോൺഗ്രസ്സ് പാർടിക്ക്‌ നഷ്‌ടമായി, ജനങ്ങൾ കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ . ബിഹാർ നിയമ സഭ തിരഞ്ഞെടുപ്പിലും മറ്റ് ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് ആത്മപരിശോധന നടത്തുമെന്നാണ്‌ താൻ പ്രതീക്ഷിക്കുന്നതെന്നും കപിൽ സിബൽ പറഞ്ഞു.

ബിഹാറിൽ മാത്രമല്ല, രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഒരിടത്തും ജനങ്ങൾ കോൺഗ്രസിനെ ഫലപ്രദമായ ഒരു ബദലായി കണക്കാക്കുന്നില്ല. ബിഹാറിലെ ബദൽ ആർ‌ജെഡിയായിരുന്നു. ഗുജറാത്തിലെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ്‌ പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല.

‘കോൺഗ്രസിന്റെ കുഴപ്പമെന്താണെന്ന് അറിയാം. അതിനുള്ള ഉത്തരവും അറിയാം. കോൺഗ്രസ് പാർട്ടിക്ക് തന്നെ ഉത്തരവും അറിയാം. എന്നാൽ അവരാരും ആ ഉത്തരങ്ങളെ അംഗീകരിക്കാൻ തയാറാകുന്നില്ല’- കപിൽ സിബൽ കൂട്ടിച്ചേർത്തു.