ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് ആക്രമണം: ബിനീഷിന്റെ മുൻ ഡ്രൈവർക്കെതിരെ പരാതി

single-img
16 November 2020

അന്വേഷണ ഏജൻസികള്‍ക്ക് ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറൻസാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. ബിനീഷ് പിടിയിലായത് മുതല്‍ ഭീഷണി ഉണ്ടായിരുന്നതായും ലോറന്‍സ് പറയുന്നു.

തിരുവനന്തപുരത്ത് ലോണ്‍ഡ്രിങ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുന്ന ലോറന്‍സിനു ബിനീഷുമായി നേരത്തെ പണ ഇടപാടുകള്‍ ഉണ്ടായിരുന്നു. തമ്മിൽ ഒത്തുപോകാതിരുന്നതിനോനാൽ തെറ്റിപിരിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ശാസ്തമംഗലത്തുവച്ച് ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന്‍ എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കുറച്ചുപേർ ചേർന്ന് തന്നെ ആക്രമിച്ചെന്നാണ് പരാതി. അതിന് ശേഷം അക്രമിസംഘം വീട്ടിെല ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളേക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് പരാതി.

അഞ്ച് വര്‍ഷം മുന്‍പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന്‍ ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ബിനീഷിന്റെ ബെനാമിയാണിതെന്ന ആക്ഷേപവും ലോറന്‍സ് ഉന്നയിക്കുന്നുണ്ട്. ഇത് അടക്കം ബിനീഷിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതാണ് തന്നെ ലക്ഷ്യമിടാന്‍ കാരണം എന്ന് ആരോപിക്കുന്ന ലോറന്‍സ് ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങളും പൊലീസിന് കൈമാറി.

Content : Complaint against Bineesh’s former driver