ജോലിസംബന്ധമായ വീഴ്ചയ്ക്കു പെൺ സുഹൃത്തിനെ ശകാരിച്ച മാനേജറെ മർദിക്കാൻ ക്വട്ടേഷൻ; ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റിൽ

single-img
9 November 2020

ജോലിസംബന്ധമായ വീഴ്ചയ്ക്കു സഹപ്രവർത്തകയായ പെൺ സുഹൃത്തിനെ ശകാരിച്ച മാനേജറെ മർദിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെയും മൂന്ന് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ജീവനക്കാരനായ ഫാർമസിയിലെ എക്സിക്യൂട്ടീവ് വേങ്ങൂർ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറത്ത് ജിബു (40), ഇടുക്കി ദേവികുളം കുറ്റിവേലിൽ നിഥിൻ (23), വേങ്ങൂർ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറം അമൽ (29), ഇരുമ്പനം കൊല്ലംപടി മേക്കമാലി ബെൻ ബാബു (29) എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

നേരത്തെ തന്നെ മാനേജരുമായി മാനസിക അകലത്തിലായിരുന്നു ജിബു. ജോലിസംബന്ധമായ വീഴ്ചയ്ക്കു മാനേജർ പെൺ സുഹൃത്തിനെ ശകാരിച്ച വിവരം അറിഞ്ഞതോടെ ജിബുവിനു മാനേജരോടുള്ള വൈരാഗ്യം വർധിക്കുകയും തുടർന്ന് മാനേജറെ മർദിക്കാൻ തന്റെ സുഹൃത്തുക്കൾ വഴി ക്വട്ടെഷൻ സംഘത്തെ ഏർപ്പെടുത്തി. കറുകുറ്റിയിൽ മാനേജർ താമസിക്കുന്ന സ്ഥലത്തു ക്വട്ടേഷൻ സംഘത്തെ ജിബു തന്നെയാണ് രാത്രിയിൽ കാറിലെത്തിച്ചത്. ക്വട്ടേഷൻ സംഘം വീടു തല്ലിത്തകർത്ത് അകത്തുകയറി മാനേജരെ മർദിക്കുകയും അദ്ദേഹത്തിന്റെ കഴുത്തിൽ കിടന്നിരുന്ന ഏഴുപവന്റെ സ്വർണമാല കവരുകയും ചെയ്തു മർദനമേറ്റ വിവരം മാനേജർ ആശുപത്രിയിൽ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.

മാനേജരെ ആശുപത്രിയിലെത്തി പരിചരിക്കുകയും വീട്ടിലേക്കു പോയപ്പോൾ അവിടെയെത്തി സുഖവിവരം തിരക്കുകയും ചെയ്തതിനാൽ ജിബുവിനെ ആരും സംശയിച്ചില്ല. ജിബുവും പെൺ സുഹൃത്തും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്യലിൽ ഇരുവരും മറച്ചുവച്ചതു സംശയം ജനിപ്പിച്ചു. ക്വട്ടേഷൻ സംഘത്തിന് ഒളിവിൽ പോകുമ്പോഴുള്ള ചെലവിനു പെൺ സുഹൃത്തിന്റെ മോതിരം പണയം വച്ച പണമാണു നൽകിയതെന്നു പൊലീസ് കണ്ടെത്തിയതോടെയാണു ജിബുവിന്റെ പങ്കു വ്യക്തമായത്. ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി എസ്എച്ച്ഒ സോണി മത്തായി,എസ്ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, കെ.ആർ. ജീമോൻ, ബെന്നി ഐസക് എന്നിവരാണു പ്രതികളെ പിടികൂടിയത്.