ഫാഷന്‍ ഗോൾഡ് തട്ടിപ്പുകേസില്‍ മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വിദേശത്തേക്ക് കടക്കാന്‍ സാധ്യത

single-img
8 November 2020
Lookout notice Pookoya Thangal

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ എം.സി കമറുദീന്‍ (MC Kamaruddin) എം.എല്‍.എയുടെ കൂട്ടുപ്രതിയും മുസ്ലീം ലീഗ് നേതാവുമായ പൂക്കോയ തങ്ങള്‍ക്കെതിരെ (Pukkoya Tangal)  ലുക്ക്ഔട്ട് നോട്ടീസ് (Lookout Notice) പുറപ്പെടുവിച്ചു. ഇന്നലെ പൂക്കോയ തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അറസ്റ്റ് ഭയന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

പൂക്കോയ തങ്ങള്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മകന് വിദേശത്ത് ബിസിനസുള്ളതിനാല്‍ വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസിലെ പ്രതിയായ പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാമിനെതിരെയും ലുക്കഓട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇതിനിടെ ചോദ്യം ചെയ്യലില്‍ എം.സി കമറുദീന്‍ എം.എല്‍.എ, പൂക്കോയ തങ്ങള്‍ക്കെതിരെ നല്‍കിയ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ സ്ഥാപനത്തിന്റെ എം.ഡിയായ പൂക്കോയ തങ്ങള്‍ തന്നെ വഞ്ചിക്കുകയായിരുന്നെനാണ് കമറുദീന്റെ അവകാശവാദം.

രാഷ്ട്രീയത്തില്‍ സജീവമായിരുന്നതിനാല്‍ ജ്വല്ലറി കാര്യങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ താനാണെങ്കിലും അതെല്ലാം രേഖയില്‍ മാത്രമാണ്. എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്നാണ് പൂക്കോയ തങ്ങള്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതെന്നും കമറുദീന്‍ മൊഴി നല്‍കി.

എന്നാൽ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മറ്റ് അന്വേഷണങ്ങളുടെ വാര്‍ത്തകളെ പ്രതിരോധിക്കാനുള്ള തന്ത്രം മാത്രമാണ് ഈ അറസ്റ്റ്. അത് നിയമപരമായി നിലനില്‍ക്കില്ല. രാഷ്ട്രീയമായി വാര്‍ത്ത സൃഷ്ടിക്കാനുള്ള ഒരു നടപടിയായി മാത്രമേ ഇതിനെ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനല്ല സര്‍ക്കാരിന്റ താത്പര്യം. എന്നാല്‍ ലീഗിന്റെ നിലപാട് പണം തിരിച്ചുകിട്ടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.