തട്ടിപ്പിൽ കമറുദ്ദീന് നേരിട്ട് പങ്ക്; ഇരകളിൽ ഭൂരിഭാഗവും ലീഗ് അണികൾ

single-img
7 November 2020
mc kamaruddeen cheating case

ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ചെയർമാനായ എംസി കമറുദ്ദീന് (MC Kamaruddin MLA) നേരിട്ട് പങ്കെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും മുസ്ലീം ലീഗ് അണികളാണ് എന്നാണ് ലഭിക്കുന്ന വിവരം.

മുസ്ലീം ലീഗ് നേതാവ് എന്നനിലയിലുള്ള സ്വാധീനം ഉപയോഗിച്ചാണ് എംസി കമറുദ്ദീൻ എംഎൽഎ മുസ്ലീം ലീഗ് അണികളിൽ നിന്നും പണപ്പിരിവ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഫാഷൻ ഗോൾഡ് ജ്വല്ലറി ഉൾപ്പെടുന്ന കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച ശേഷം ആ പണം വകമാറ്റി ചെലവഴിച്ച് നിക്ഷേപകരെ കബളിപ്പിച്ചതായാണ് പരാതി. 40 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇതിൽ പതിനഞ്ച് കോടിരൂപയുടെ തട്ടിപ്പിന് തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കമ്പനിയുടെ നിക്ഷേപത്തുക ഉപയോഗിച്ച് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായി അന്വേഷണസംഘം കണ്ടെത്തി. മഞ്ചേശ്വരത്ത് അതിർത്തിയ്ക്കടുത്തുള്ള ഗ്രാമത്തിൽ നൂറിലധികം ഏക്കർ ഭൂമി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സ്വത്തുവകകൾ വാങ്ങിയത് കമ്പനി ചെയർമാൻ കൂടിയായ കമറുദ്ദീന്റെയും കൂടി പേരിലാണെന്നത് തട്ടിപ്പിൽ ഇദ്ദേഹത്തിന് നേരിട്ട് പങ്കുണ്ടെന്നതിനുള്ള തെളിവായി വിലയിരുത്തപ്പെടുകയാണ്.

കമ്പനിയുടെ പണമുപയോഗിച്ച് വാങ്ങിയ 11 വാഹനങ്ങളിൽ ഒൻപതെണ്ണം മറിച്ച് വിറ്റതായും കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് വാഹങ്ങനങ്ങൾ മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിനാണ് നൽകിയതെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

Content: MC Kamaruddin MLA directly involved in Fashion Gold Cheating; Most of the victims are Muslim League followers