മകളെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ രക്ഷപ്പെട്ടുവെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്

single-img
3 November 2020
Turkey quake Three-year-old girl rescued

മകളെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ രക്ഷപ്പെട്ടുവെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്. റിക്ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. മൂന്നാം ദിവസവും മൃതദേഹങ്ങള്‍ക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ക്കും വേണ്ടിയുമുള്ള തിരച്ചിലിലാണ്. ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍.

അനക്കില്ലാതെ പൊടിയില്‍ പൊതിഞ്ഞ നിലയില്‍ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ആ കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാംഗം മുആമ്മിര്‍ സെലിക്ക് തന്റെ ഹൃദയം നടുങ്ങിയ അനുഭവം പങ്കുവെക്കുകയാണ്. മൂന്ന് ദിവസം പൂര്‍ണ്ണമായും അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടി. തൊട്ടുസമീപത്തായി അവള്‍ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 106 ജീവനുകള്‍ ഇതുവരെയായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് തുര്‍ക്കി അഗ്നിശമന സേന അറിയിച്ചു.

എലിഫിനെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റുമ്പോൾ ചുറ്റും കൂടിയവർ കയ്യടികളോടെ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു.

എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ടു ദിവസം മുമ്പ് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആറ് വയസുകാരനായ സഹോദരനെ രക്ഷിക്കാനായില്ല. ജീവനോടെയാണ് പുറത്തെടുത്തതെങ്കിലും സഹോദരന്‍ പിന്നീട് മരിച്ചു.

എലിഫിനെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവൾ രക്ഷപ്പെട്ടുവെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്. തിങ്കളാഴ്ച വൈകിട്ടു വരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 106 പേരെയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. 58 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ 14 വയസ്സുകാരിയായ ഐഡിൽ സിറിനെയും രക്ഷാപ്രവർത്തകർ തിങ്കളാഴ്ച ജീവനോടെ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുര്‍ക്കിക്കും സമോസിനും ഇടയില്‍ 16.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആയിരത്തോളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 200 ഓളം പേര്‍ നിലവില്‍ ആശുപത്രിയിലുണ്ട്.

Content : 3 year old girl rescued from rubble after 65 hours in Turkey